സന്ദർശക വീസയിൽ സൗദിയിലെത്തിയ മലയാളി കുടുംബത്തിന് തീരാനൊമ്പരം; ഗോഡൗണിൽനിന്ന് ലോഡുമെടുത്ത് പോയ ഗൃഹനാഥൻ അപകടത്തിൽ മരിച്ചു

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്‌സയിലേക്കുള്ള യാത്രാമധ്യേ മിനിട്രക്ക് ട്രെയിലറിന് പിന്നിലിടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം നിലമ്പൂർ പയ്യമ്പള്ളി, മുക്കട്ടവയൽ സ്വദേശി കാരാട്ടുപറമ്പിൽ ഹൗസിൽ അക്‌ബർ (37) ആണ് മരിച്ചത്.

റിയാദിൽ നിന്നും അൽഅഹ്‌സയിലേക്കു ള്ള യാത്രക്കിടെ പഴയ ഖുറൈസ് നഗരത്തിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. ഓട്ടോ സ്‌പെയർപാർട്‌സ് കമ്പനിയുടെ അൽഹസയിലെ സെയിൽസ്മാനായിരുന്നു അക്‌ബർ. റിയാദിലെ കമ്പനി ഗോഡൗണിൽനിന്ന് ലോഡുമെടുത്ത് തിരികെയുള്ള യാത്രക്കിടെയാണ് അപകടം. ഹൈവേയിൽനിന്ന് സമീപ റോഡിലേക്ക് അപ്രതീക്ഷിതമായി തിരിഞ്ഞ ട്രെയിലറിന് പിന്നിൽ മിനിട്രക്ക് ഇടിക്കുകയായിരുന്നു.

ഇടിച്ചു തകർന്ന വാഹനത്തിന്റെ കാബിനിൽ കുടുങ്ങിയ അക്‌ബർ സംഭവസ്ഥലത്തു തന്നെ മരിച്ചു. നാലു മാസം മുമ്പ് സന്ദർശകവീസയിൽ സൗദിയിലെത്തിയ ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം അൽഹസയിൽ ഉണ്ടായിരുന്നു. മരണത്തെ തുടർന്ന് കമ്പനിയധികൃതർ കുടുംബത്തെ നാട്ടിലേക്ക് മടക്കി അയച്ചു.

പരേതനായ കാരാട്ടുപറമ്പിൽ ഹസൻ, സക്കീന എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: ഫസ്‌ന പാറശ്ശേരി. മക്കൾ: നൈറ (9), മുഹമ്മദ് ഹെമിൻ (2). സഹോദരങ്ങൾ. ജാഫർ, റഹ്മാബി.

Leave a Reply

Your email address will not be published. Required fields are marked *