മനാമ: പ്രവാസി തൊഴിലാളികൾക്ക് ആറ് മാസത്തെ വർക്ക് പെർമിറ്റ് ഏർപ്പെടുത്തിയ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ തീരുമാനം ഏറെ പ്രതീക്ഷയോടെയാണ് ബഹ്റൈൻ പ്രവാസി സമൂഹം നോക്കിക്കാണുന്നത്. എൽ.എം.ആർ.എ തീരുമാനം തൊഴിലാളികൾക്കും തൊഴിലുടമകളും ഒരുപോലെ ഗുണകരമാകുമെന്നാണ് പൊതുസമൂഹത്തിന്റെ വിലയിരുത്തൽ. ബഹ്റൈനിൽ തൊഴിലവസരങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് നിലവിലുള്ള രണ്ടു വർഷത്തെയും ഒരു വർഷത്തെയും വർക്ക് പെർമിറ്റുകൾക്ക് പുറമെ ആറുമാസത്തെ വർക്ക് പെർമിറ്റ് എന്നുള്ള നിയമം കൂടി അവതരിപ്പിക്കുന്നതെന്നാണ് എൽ.എം.ആർ.എ അറിയിച്ചിരിക്കുന്നത്.
പുതിയ തീരുമാനം,തൊഴിലുടമകൾക്ക് തങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള തൊഴിലാളികളെ ദ്രുതഗതിയിൽ നിയമിക്കാനുള്ള അവസരം ഒരുക്കുന്നുവെന്നും വ്യക്തമാക്കുന്നു. വിവിധ തൊഴിലുകൾക്ക് അനുയോജ്യമായ ജീവനക്കാരെ ഉൾപ്പെടുത്താനും ബിസിനസ് സ്ഥാപനങ്ങൾക്ക് പ്രവർത്തന മേഖലകളിലുള്ള ചെലവുകൾ കുറയ്ക്കുന്നതിനും, കൂടുതൽ ലാഭകരമായ രീതിയിൽ പ്രവർത്തനങ്ങൾ നടത്തുന്നതിനും എൽ.എം.ആർ.എയുടെ പുതിയ വർക്ക്പർമിറ്റ് സംവിധാനം സഹായകരമായിരിക്കും.
ബഹ്റൈനിലെ വ്യത്യസ്ത വ്യവസായങ്ങൾ, പ്രത്യേകിച്ച് ചെറുകിട വ്യവസായങ്ങൾ, സാങ്കേതിക മേഖലകൾ, വിനോദസഞ്ചാര മേഖലകൾ എന്നിവയിൽ പ്രവർത്തിക്കുന്ന കമ്പനി ഉടമകൾക്ക് പുതിയ വർക്ക് പെർമിറ്റ് വലിയ രീതിയിൽ ഗുണം ചെയ്യും. കുറഞ്ഞ കാലാവധിയുള്ള പെർമിറ്റുകൾ, തൊഴിലാളികളുടെ തൊഴിൽ നൈപുണ്യം ഉയർത്തുന്നതിന് പ്രേരണയാകും.
ആറുമാസത്തെ വർക്ക് പെർമിറ്റ് ബഹ്റൈനിൽ താമസിക്കു ന്ന പ്രവാസികൾക്ക് മാത്രമുള്ളതാണെന്നും വിദേശത്തു നിന്നുള്ള റിക്രൂട്ട്മെന്റ് ഇതിൽ അനുവദിച്ചിട്ടില്ലെന്നും വ്യക്തമാക്കിയിരിക്കുന്ന സാഹചര്യത്തിൽ ബഹ്റൈൻ പ്രവാസികൾ പുതിയ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നു. 50 ദിനാർ വർക്ക് പെർമിറ്റ് ഫീസും ഹെൽത്ത് ഇൻഷുറൻസ് പാക്കേജ് കൂടി ഉൾപ്പെടുത്തി മൊത്തം 86 ദിനാർ ആണ് ആറുമാസത്തെ വീസ നിരക്ക്.
കൂടുതൽ വിവരങ്ങൾക്ക് LMRAയുടെ www.lmra.gov.bh വെബ്സൈറ്റ് സന്ദർശിക്കുക. LMRA കോൾ സെന്ററിൽ 17506055-ൽ ബന്ധപ്പെടാം.