ദുബായ്: ‘പ്രോസ്പെര’ എന്ന പേരിൽ പുതിയ എൻആർഇ സേവിങ്സ് അക്കൗണ്ട് ഫെഡറൽ ബാങ്ക് പുറത്തിറക്കി. 60 ലക്ഷം രൂപയുടെ കോംപ്ലിമെന്ററി ഇൻഷുറൻസ് ആനുകൂല്യങ്ങളും എയർപോർട്ട് ലൗഞ്ച് ആക്സസും ഡെബിറ്റ് കാർഡ് സ്പെൻഡിന് റിവാർഡ് പോയിന്റുകളും ഉൾപ്പെടെ അനേകം ആനുകൂല്യങ്ങൾ ഉൾക്കൊള്ളിച്ചുള്ളതാണ് പ്രോസ്പെര എന്ന് ഫെഡറൽ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ കെ.വി.എസ് മണിയൻ വിശദീകരിച്ചു. പ്രാരംഭ ഓഫറായി തിരഞ്ഞെടുത്ത യാത്രാ പ്ലാറ്റ്ഫോമുകളിൽ ഫ്ലൈറ്റ്, ഹോട്ടൽ ബുക്കിങ്ങുകൾക്ക് 24% വരെ കിഴിവു ലഭിക്കും.
ബാങ്കിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഡിപ്പോസിറ്റ്സ്, വെൽത്ത് ആൻഡ് ബാൻകാ കൺട്രി ഹെഡുമായ പി.വി.ജോയ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബ്രാഞ്ച് ബാങ്കിങ് ഹെഡുമായ ഇക്ബാൽ മനോജ്, അബുദാബി ചീഫ് റെപ്രസന്റേറ്റിവ് ഓഫിസർ അരവിന്ദ് കാർത്തികേയൻ, ദുബായ് ചീഫ് റെപ്രസെന്റേറ്റിവ് ഓഫിസർ ഷെറിൻ കുര്യാക്കോസ് എന്നിവരും സംബന്ധിച്ചു.
ഫെഡറൽ ബാങ്കിന്റെ മൊബൈൽ ബാങ്കിങ് പ്ലാറ്റ്ഫോമായ ഫെഡ്മൊബൈൽ വഴി പ്രവാസികൾക്ക് പോർട്ട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് സ്കീം (പിഐഎസ്) അക്കൗണ്ട് തുടങ്ങാൻ സൗകര്യമൊരുക്കുന്ന സംവിധാനത്തിന്റെ ഉദ്ഘാടനം ഇക്ബാൽ മനോജ് നിർവഹിച്ചു.