അബുദാബി: കേരളത്തിന്റെ സമ്പദ്ഘടന കെട്ടിപ്പടുക്കുന്നതിലും ജീവിതനിലവാരം ഉയർത്തുന്നതിലും നിർണായക പങ്ക് വഹിക്കുന്ന പ്രവാസി സമൂഹം സംസ്ഥാനത്തിന്റെ വികസനത്തിന് പിന്തുണ നൽകണമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ. നിക്ഷേപ അനുകൂല അവസരങ്ങൾ പ്രയോജനപ്പെടുത്താൻ പ്രവാസികൾ മുന്നോട്ടുവരണമെന്നും ആവശ്യപ്പെട്ടു. ഇന്ത്യൻ മീഡിയ അബുദാബിയുടെ (ഇമ) പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ പൊതുഗതാഗതം ആഗോള നിലവാരത്തിലേക്ക് ഉയർത്താനുള്ള പദ്ധതികൾ നടപ്പാക്കുകയാണ്. ഡിജിറ്റൽവൽക്കരണത്തിലൂടെ കെഎസ്ആർടിസിയെ നവീകരിക്കും. ഇതിനൊപ്പം സ്വകാര്യ ബസ് സർവീസുകളെയും പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ എ.അമർനാഥ്, ഫസ്റ്റ് സെക്രട്ടറി ജോർജി ജോർജ്, മന്ത്രി പത്നി ബിന്ദു മേനോൻ എന്നിവർ പങ്കെടുത്തു. ബുർജീൽ ഹോൾഡിങ്‌സ് ക്ലിനിക്കൽ ഡയറക്ടർ ഡോ. പദ്മനാഭൻ, അഹല്യ മെഡിക്കൽ ഗ്രൂപ്പ് സീനിയർ ഓപ്പറേഷൻസ് മാനേജർ സൂരജ് പ്രഭാകരൻ, കൊമേറ പേ മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ മേധാവി അജിത് ജോൺസൻ, ലുലു എക്സ്ചേഞ്ച് മീഡിയ മാനേജർ അസിം ഒമർ, ബനിയാസ് സ്പൈക് ഡയറക്ടർ റമീസ് അബ്ദുൽ റഹ്മാൻ ഹാജി, ടോപ്സ് ഗ്രൂപ്പ് പ്രതിനിധി അരുൺ, എക്സ് ബ്യു ചെയർമാൻ അബ്ദുല്ല ഫാറൂഖി, അൽസാബി ഗ്രൂപ്പ് മീഡിയ ആൻഡ് മാർക്കറ്റിങ് മാനേജർ സിബി കടവിൽ, അപെക്സ് ഗ്രൂപ്പ് എംഡി ഹിഷാം, എക്സ് ബ്യു എംഡി ഷഹീർ ഫറൂഖി, മലബാർ ഗ്രൂപ്പ് പ്രതിനിധി രഞ്ജിത്ത്, റെഡ് എക്സ് മീഡിയ സിഇഒ സുബിൻ സോജൻ, ഈക്വൽ എംഡി റഫീഖ് കയനയിൽ എന്നിവരെ ആദരിച്ചു. പ്രസിഡന്റ് സമീർ കല്ലറ, ജനറൽ സെക്രട്ടറി റാഷിദ് പൂമാടം, ട്രഷറർ ഷിജിന കണ്ണൻദാസ് എന്നിവർ പ്രസംഗിച്ചു. ടി.പി.ഗംഗാധരനുള്ള ഉപഹാരം മന്ത്രി കൈമാറി. ഇമ അംഗങ്ങളുടെ തിരിച്ചറിയൽ കാർഡും വിതരണം ചെയ്തു.
ഭവന പദ്ധതി
ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിലിന്റെ സഹകരണത്തോടെ ഇന്ത്യൻ മീഡിയ അബുദാബി നടപ്പാക്കുന്ന ഭവന പദ്ധതി ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. 30 വർഷമായി യുഎഇയിൽ ജോലി ചെയ്യുന്ന നിർധന പ്രവാസിക്ക് 15 ലക്ഷം ദിർഹത്തിന്റെ വീട് നിർമിച്ചു നൽകുന്ന പദ്ധതിയാണിത്. സ്വന്തമായി സ്ഥലമുള്ളവരെയാണ് ഇതിനു പരിഗണിക്കുക.