വിമാന യാത്രയ്ക്ക് ഭയം, എമിഗ്രേഷനിൽ നിന്ന് പരിഭ്രാന്തനായി തിരിച്ചോടിയത് 4 തവണ; പ്രവാസി യുവാവ് നാട്ടിലെത്തിയത് 5 വർഷത്തിന് ശേഷം

ദുബായ്: വിമാന യാത്രയ്ക്കുള്ള ഭയം കാരണം കഴിഞ്ഞ 5 വർഷമായി നാട്ടിലേക്ക് പോകാത്ത പ്രവാസി യുവാവിനെ ദുബായ് രാജ്യാന്തര വിമാനത്താവളം അധികൃതരുടെ ഇടപെടലിലൂടെ യാത്രയാക്കി. ദുബായ് എയർപോർട്ട് ടെർമിനൽ സർവീസ് ഡെലിവറി ഡ്യൂട്ടി ഓഫിസർ അഹ്മദ് അബ്ദുൽബഖിയാണ് ഈ അസാധാരണ സംഭവം വിവരിച്ചത്.

കഴിഞ്ഞ ദിവസം ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ഒരു യുവാവ് പരിഭ്രാന്തനായി ഓടുന്നത് കണ്ട് കാര്യം അന്വേഷിച്ചപ്പോഴാണ് വിവരം ലഭിച്ചത്. യുവാവിന്റെ സഹോദരൻ മുഹമ്മദ് ബാസിൽ നാട്ടിലേക്ക് പോകാനായി ടിക്കറ്റെടുത്ത് വിമാനത്താവളത്തിലെത്തിയെങ്കിലും അവസാന നിമിഷം യാത്ര ചെയ്യാനുള്ള ഭയം കൊണ്ട് പിന്മാറുകയായിരുന്നു. എമിഗ്രേഷൻ വരെയെത്തുന്നതോടെ ശ്വാസം കിട്ടാതെ, പരിഭ്രാന്തി കാട്ടി തിരിച്ചോടുകയായിരുന്നു പതിവ്. ഇതാദ്യമായല്ല, കഴിഞ്ഞ 4 തവണയും ഇതുതന്നെ സംഭവിച്ചു.

ഇതോടെ യുവാവിന്റെ പേടി മാറ്റാനുള്ള വഴികൾ അഹ്മദ് അബ്ദുൽബഖി മറ്റു ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ചു. അതനുസരിച്ച് ദുബായ് എയർപോർട്ട് ഉദ്യോഗസ്ഥർ യുവാവിന്റെ ഭയം മറികടക്കാൻ സഹായിക്കുന്നതിന് ആവശ്യമായതെല്ലാം ചെയ്തു. ഒടുവിൽ യാത്രക്കാരൻ വീട്ടിലേക്ക് പറന്നു.

യുവാവ് നാട്ടിലെത്തിക്കഴിഞ്ഞയുടൻ അദ്ദേഹത്തിന്റെ സഹോദരൻ മുഹമ്മദ് തബീഷ് അഹമദ് അബ്ദുൽ ബാഖിക്ക് നന്ദി പറഞ്ഞ് സന്ദേശമയച്ചു. സഹോദരൻ സുരക്ഷിതനായി നാട്ടിലെത്തിയതായും വിമാനത്തിൽ യാതൊരു പ്രശ്നവുമുണ്ടാക്കിയില്ലെന്നും അറിയിച്ചു.

സഹായം ചെയ്ത സെയ്ഫ് എന്ന ഉദ്യോഗസ്ഥനും യുവാവ് പ്രത്യേകം നന്ദി പറഞ്ഞു. യാത്രക്കാർക്ക് സൗകര്യം ചെയ്തുകൊടുത്ത് അവരെ നല്ല രീതിയിൽ യാത്രയയക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് അഹ്മദ് അൽബാഖി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *