അബുദാബി: ഇന്ത്യൻ നയതന്ത്രകാര്യാലയം അധികൃതർ പുനഃപരിശോധനാ ഹർജി നൽകിയതിനെ തുടർന്ന് അബുദാബിയിൽ ഉത്തർപ്രദേശ് സ്വദേശിനി ഷഹ്സാദി(33)യുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചു. ജോലി സ്ഥലത്ത് കുട്ടി മരിച്ച കേസിൽ അബുദാബി അൽ വത് ബയിലാണ് യുവതി കഴിയുന്നത്.
തന്റെ വധശിക്ഷ 24 മണിക്കൂറിനകം നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചതായി യുവതി തന്നെ കഴിഞ്ഞ ദിവസം നാട്ടിലെ കുടുംബത്തോട് ഫോൺ വിളിച്ച് പറഞ്ഞിരുന്നു. ഇന്ത്യൻ ദമ്പതികളുടെ കുട്ടി മരിച്ചതിനെ തുടർന്ന് മാതാപിതാക്കൾ നൽകിയ കേസിലാണ് വീട്ടുജോലിക്കാരിയായിരുന്ന ഷഹ്സാദിക്കെതിരെ അബുദാബി കോടതി വധശിക്ഷ വിധിച്ചത്. അവസാന ആഗ്രഹമെന്ന നിലയിലാണ് വീട്ടിലേയ്ക്ക് വിളിച്ച് കുടുംബത്തോട് സംസാരിക്കാന്‍ ജയില്‍ അധികൃതര്‍ ഷഹ്സാദിയെ അനുവദിച്ചത്. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ഷഹ്സാദി ഇത് തന്റെ അവസാന ഫോണ്‍ കോളായിരിക്കുമെന്നും പറഞ്ഞിരുന്നു.
ഉത്തർപ്രദേശ് മതാവുന്ദ് ഗൊയ്റ മുഗളായി ബാന്ദ സ്വദേശിയായ യുവതി 2021ലാണ് അബുദാബിയിലെത്തിയത്. കോവിഡ്19 കാലത്ത് റോട്ടി ബാങ്ക് ഒാഫ് ബാന്ദയിൽ സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കെ ആഗ്ര സ്വദേശി ഉസൈറുമായി സമൂഹമാധ്യമത്തിലൂടെ പരിചയത്തിലായ യുവതിയുടെ മുഖത്തെ പൊള്ളലേറ്റ പരുക്കുകൾ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുമെന്നും മികച്ച ഭാവി ജീവിതം സാധ്യമാകുമെന്നും ഉസൈർ നൽകിയ ഉറപ്പ് വിശ്വസിച്ചാണ് ഗ്രാമത്തിൽ നിന്ന് അവർ ആഗ്രയിലെത്തിയത്.
തുടർന്ന് 2021 നവംബറിൽ അബുദാബിയിലെത്തിച്ച ഷഹ്സാദിയെ ഉസൈര്‍ തന്റെ ബന്ധുക്കളായ ഫൈസ്-നദിയ ദമ്പതികൾക്ക് കൈമാറി. ഇതിനിടെയാണ് ദമ്പതികളുടെ കുട്ടി മരിച്ചത്. ഇതിന് കാരണം ഷഹ്സാദിയയാണെന്ന് ആരോപിച്ചു. എന്നാൽ ചികിത്സ കിട്ടാത്തതിനെത്തുടര്‍ന്നാണ് കുഞ്ഞ് മരിച്ചതെന്ന് ഷഹ്സാദിയും പിതാവും വാദിച്ചു. ഇവർ മാതാവുന്ദി പൊലീസ് സ്റ്റേഷനിൽ 2024 ജൂലൈ 15ന് പരാതി നകിയെങ്കിലും നടപടിയുണ്ടായില്ല.
ബാന്ദ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം ഉസൈറിനും ഇയാളുടെ അമ്മാവൻ ഫൈസ്, ഭാര്യ നസിയ, മാതാവ് അഞ്ജും സഹാന എന്നിവർക്കെതിരെയും മനുഷ്യക്കടത്ത് ആരോപിച്ച് കേസെടുത്തിട്ടുണ്ട്. ഇവർ നിലവില്‍ ദുബായിലാണുള്ളത്.
ദമ്പതികളുടെ നാല് മാസം പ്രായമുള്ള മകനെ നോക്കാനായിരുന്നു ഷഹ്സാദിയെ ഇവര്‍ അബുദാബിയിലേക്ക് കൊണ്ടുവന്നതെന്ന് പറയുന്നു. എന്നാല്‍ കുട്ടിയുടെ അപ്രതീക്ഷിത മരണത്തോടെ ഷഹ്സാദിയുടെ ജീവിതം പ്രതിസന്ധിയിലായി. മകന്റെ മരണത്തിന് ഉത്തരവാദി ഷഹ്സാദിയാണെന്ന് ആരോപിച്ച് ഫൈസും നസിയയും പരാതി നല്‍കിയതോടെയാണിത്. തുടര്‍ന്ന് പൊലീസ് ഷഹ്സാദിയെ അറസ്റ്റ് ചെയ്യുകയും അബുദാബി കോടതി 2023ൽ ഷഹ്സാദിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.