ഉമ്മൻ‌ചാണ്ടി കർമ്മശ്രേഷ്ഠ പുരസ്‌കാരം ഡോ: അഷ്‌റഫ് താമരശ്ശേരിക്ക് സമ്മാനിച്ചു

കോഴിക്കോട്: വീക്ഷണം ദിനപത്രം ഏർപ്പെടുത്തിയ ഉമ്മൻചാണ്ടി കർമ്മ ശ്രേഷ്ഠ പുരസ്‌കാരം ഡോ: അഷറഫ് താമരശ്ശേരിക്കും, സാഹിത്യ രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള സി പി ശ്രീധരൻ സർഗ്ഗശ്രേഷ്ഠ പുരസ്‌കാരം എഴുത്തുകാരി സുധാ മേനോനും, മാധ്യമ പുരസ്കാരം നിഷ പുരുഷോത്തമനും കോഴിക്കോട് മിയാമി സെന്ററിൽ നടന്ന ചടങ്ങിൽ കർണാടക നിയമസഭാ സ്പീക്കർ യു ടി ഖാദർ സമ്മാനിച്ചു.

താമരശ്ശേരി ചുങ്കം സ്വദേശിയായ അഷ്‌റഫ് ഇതിനകം രണ്ടായിത്തിലേറെ പ്രവാസികളുടെ മൃതദേഹമാണ് നാട്ടിലെത്തിച്ചത്. ആശ്രയം അറ്റുപോകുന്ന പ്രവാസികള്‍ക്ക് ആലംബമായ് പ്രവര്‍ത്തിക്കുകയാണ് അഷ്‌റഫ് താമരശ്ശേരിയെന്ന് ജൂറി വിലയിരുത്തി. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഡോ. ശൂരനാട് രാജശേഖരന്‍, കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം. സി ദിലീപ്കുമാര്‍, കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്. ഇതോടൊപ്പം വീക്ഷണം പ്രവാസി പുരസ്‌കാരവും മികച്ച സംരംഭകര്‍ക്കുള്ള വീക്ഷണം ബിസിനസ് പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.

 വീക്ഷണത്തിന്റെ 49ാം ആഘോഷത്തിന്റെ ഭാഗമായുള്ള ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. കര്‍ണാടക നിയമസഭ സ്പീക്കര്‍ യു.ടി ഖാദര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ സുധാകരന്‍ എംപി, കെ മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ് എം പി, തെലങ്കാന ഗതാഗത മന്ത്രി പൊന്നം പ്രഭാകര്‍, എം പിമാരായ എം. കെ രാഘവന്‍, ഷാഫി പറമ്പില്‍, ജെബി മേത്തര്‍, അഡ്വ. ടി. സിദ്ദിഖ് എംഎല്‍എ, പി സി വിഷ്ണുനാഥ് എംഎല്‍എ, ചാണ്ടി ഉമ്മന്‍ എംഎല്‍എ, അഡ്വ. കെ. പ്രവീണ്‍കുമാര്‍ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *