ഗോൾഡ് കാർഡ് വിൽപന രണ്ടാഴ്ചക്കുള്ളിൽ; വിദ്യാർഥികൾക്ക് ‘ഗോൾഡൻ ചാൻസെന്ന് ‘ ട്രംപ്

ഹൂസ്റ്റണ്‍: യുഎസ് പ്രസിഡൻറ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ ഗോള്‍ഡ് കാര്‍ഡാണ് ഇപ്പോള്‍ ലോകത്തിന്റെ ചർച്ചാവിഷയം. 5 മില്യൻ ഡോളര്‍ കയ്യിലുണ്ടെങ്കില്‍ അമേരിക്കന്‍ പൗരത്വം ലഭിക്കുന്നതാണ് പദ്ധതി. അതിസമ്പന്നര്‍ക്ക് മാത്രം പ്രയോജനകരമാകുന്ന പദ്ധതിയെന്നാണ് പലരും ഇതിനെ കുറ്റപ്പെടുത്തുന്നത്. എന്നാല്‍ സമ്പന്നര്‍ക്ക് മാത്രമല്ല വിദ്യാര്‍ഥികള്‍ക്കും ഗോള്‍ഡ് കാര്‍ഡ് പ്രയോജനകരമാകുമെന്നാണ് പ്രസിഡന്റിന്റെ വാദം.

ഗോൾഡ് കാർഡിൽ ട്രംപിന് ഒന്നിലധികം ലക്ഷ്യങ്ങളുണ്ട്. അതിൽ പ്രധാനമ പണമാണ്. 1 ദശലക്ഷം ഗോള്‍ഡ് കാര്‍ഡുകള്‍ വില്‍ക്കുന്നതിലൂടെ 5 ട്രില്യൻ ഡോളര്‍ സമാഹരിക്കാന്‍ കഴിയുമെന്നാണ് പ്രസിഡന്റിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഇത് എത്രകണ്ട് പ്രാവര്‍ത്തികമാകും എന്ന് ഉറപ്പില്ല. പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ കഴിയുന്ന വ്യക്തികളുടെ എണ്ണം വളരെ കുറവായിരിക്കുമെന്നാണ് ഇമിഗ്രേഷന്‍ വിദഗ്ധര്‍ വിലയിരുത്തുന്നത്. പക്ഷേ ട്രംപ് തികഞ്ഞ ശുഭാപ്തി വിശ്വാസത്തിലാണ്.

തന്റെ ‘ഗോള്‍ഡ് കാര്‍ഡ്’ നിര്‍ദ്ദേശത്തെ ന്യായീകരിച്ചുകൊണ്ട്, അമേരിക്കന്‍ ബിസിനസുകള്‍ക്ക് ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള മിടുക്കരായ വിദ്യാര്‍ഥികളെ നിലനിര്‍ത്താന്‍ ഇതു സഹായകമാകുമെന്നാണ് ട്രംപ് പറയുന്നത്. അമേരിക്കയിലെ സ്‌കൂളുകളില്‍ ഉപരിപഠനത്തിനായി എത്തുന്നവര്‍ക്ക് ഗോള്‍ഡ് വിസ ‘ഗോള്‍ഡന്‍  അവസര’മാണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.

‘സ്‌കൂളില്‍ ഒന്നാം നമ്പര്‍ വിദ്യാര്‍ഥിയെ നിയമിക്കാന്‍ ആഗ്രഹിക്കുന്ന കമ്പനികളില്‍ നിന്ന് എനിക്ക് കോളുകള്‍ ലഭിക്കുന്നു. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും ജപ്പാനില്‍ നിന്നും തുടങ്ങി വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നും മിടുക്കര്‍ പഠിക്കാന്‍ വരുന്നു. അവര്‍ ഹാര്‍വാര്‍ഡില്‍ നിന്ന് വാര്‍ട്ടണ്‍ സ്‌കൂള്‍ ഓഫ് ഫിനാന്‍സില്‍ പോകുന്നു, അവര്‍ യേലില്‍ പോകുന്നു, അവര്‍ എല്ലാ മികച്ച സ്‌കൂളുകളിലും പോയി അവരുടെ ക്ലാസില്‍ ഒന്നാം സ്ഥാനം നേടുന്നു. അവര്‍ക്ക് ജോലി ഓഫറുകള്‍ ലഭിക്കുന്നു. എന്നാല്‍ വീസയിലെ അനിശ്ചിതത്വം അവരെ യുഎസില്‍ നില്‍ക്കുന്നതില്‍ നിന്നു തടയുന്നു’- എന്നായിരുന്നു കാർഡിനെക്കുറിച്ച് ട്രംപിന്റെ വിശദീകരണം. ഇത്തരക്കാരെ യുഎസില്‍ നിലനിര്‍ത്തുന്നതിനുള്ള അവസരമാണ് പുതിയ വീസയെന്നും ട്രംപ് വാദിക്കുന്നു.

തന്റെ രണ്ടാം ടേമിലെ ആദ്യത്തെ പൂര്‍ണ്ണ കാബിനറ്റ് യോഗം വിളിച്ചുചേര്‍ത്തതിനു ശേഷം പ്രസിഡന്റ് ഇക്കാര്യത്തെക്കുറിച്ച് വിശദമായി സംസാരിക്കുകയും ചെയ്തു. കുടിയേറ്റ നിലയെക്കുറിച്ചുള്ള അനിശ്ചിതത്വം കാരണം ഉയര്‍ന്ന നിലവാരമുള്ള പ്രതിഭകളെ റിക്രൂട്ട് ചെയ്യുന്നതിനോ നിലനിര്‍ത്തുന്നതിനോ അമേരിക്കന്‍ സ്ഥാപനങ്ങള്‍ ബുദ്ധിമുട്ടുണ്ടെന്നും   ട്രംപ് ചൂണ്ടിക്കാട്ടി.

‘അവര്‍ (കുടിയേറ്റ വിദ്യാര്‍ഥികള്‍) ജോലി വാഗ്ദാനങ്ങള്‍ നല്‍കി. പക്ഷേ ആ ഓഫര്‍ ഉടനടി റദ്ദാക്കുന്നു, കാരണം ആ വ്യക്തിക്ക് രാജ്യത്ത് തുടരാന്‍ കഴിയുമോ ഇല്ലയോ എന്ന് നിങ്ങള്‍ക്ക് അറിയില്ല. അവർക്ക് രാജ്യത്ത് തുടരാന്‍ കഴിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഈ സാഹചര്യത്തില്‍ കമ്പനികള്‍ക്ക്  ഒരു ഗോള്‍ഡ് കാര്‍ഡ് വാങ്ങാം. അവര്‍ക്ക് അത് റിക്രൂട്ട്മെന്റിനായി കാര്യമായി ഉപയോഗിക്കാം. – ട്രംപ് വ്യക്തമാക്കി. രണ്ടാഴ്ചയ്ക്കുള്ളില്‍ ഗോള്‍ഡ് കാര്‍ഡ് വില്‍പ്പന ആരംഭിക്കുമെന്നാണ് പ്രഖ്യാപനം. 

യുഎസ് കമ്പനികള്‍, പ്രത്യേകിച്ച് സിലിക്കണ്‍ വാലിയിലെ, അവരുടെ പല തസ്തികകളും നികത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് പരാതിപ്പെട്ടിട്ടുണ്ടെന്നും ട്രംപ് പറയുന്നു. അനധികൃത കുടിയേറ്റം തടയാന്‍ നടപടികള്‍ സ്വീകരിച്ച ട്രംപ്, ആവശ്യക്കാരുള്ള കഴിവുകളോ രാജ്യത്ത് നിക്ഷേപിക്കാനുള്ള സമ്പത്തോ ഉള്ള കൂടുതല്‍ നിയമപരമായ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന നിലപാടിലാണ്. ദേശീയ കടം വീട്ടാന്‍ പണം സ്വരൂപിക്കുന്നതിനുള്ള ഒരു ഉപകരണമായി ഗോള്‍ഡ് കാര്‍ഡിനെ കാണുന്നുവെന്നും  പ്രസിഡന്റ് തറപ്പിച്ചു പറയുന്നു. ബിസിനസുകള്‍ ‘ഗോള്‍ഡ് കാര്‍ഡ്’ നന്നായി സ്വീകരിക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു.

ട്രംപിന്റെ ‘ഗോള്‍ഡ് കാര്‍ഡ്’
ചൊവ്വാഴ്ചയാണ് പ്രസിഡന്റ് നിര്‍ദ്ദിഷ്ട പദ്ധതി പ്രഖ്യാപിച്ചത്. 5 മില്യൻ ഡോളര്‍ നല്‍കുന്ന ആളുകള്‍ക്ക് താമസവും പൗരത്വത്തിലേക്കുള്ള പാതയും ഗോള്‍ഡ് കാര്‍ഡ് സംരംഭം വാഗ്ദാനം ചെയ്യുമെന്നും ഇത് നിയമപരമായ കുടിയേറ്റത്തിന് പുതിയ വഴി സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളില്‍ പദ്ധതി ആരംഭിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. ഇതിന് കോണ്‍ഗ്രസിന്റെ അംഗീകാരം ആവശ്യമില്ലെന്ന നിലപാടിലാണ് ട്രംപ്. അതേസമയം നിയമനിര്‍മ്മാതാക്കള്‍ ഈ മാറ്റം അംഗീകരിക്കേണ്ടിവരുമെന്ന് ഇമിഗ്രേഷന്‍ വിദഗ്ധര്‍ പറയുന്നു.

ഗോള്‍ഡ് കാര്‍ഡുകള്‍ക്ക് യോഗ്യത നേടുന്നതിനുള്ള പരിശോധനാ പാരാമീറ്ററുകള്‍ ഇപ്പോഴും ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. ചൈന പോലുള്ള യുഎസ് എതിരാളികള്‍ക്ക് നിയന്ത്രണങ്ങള്‍ ഉണ്ടാകുമോ എന്ന് ചോദിച്ചപ്പോള്‍, പരിധികള്‍ ദേശീയതയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കില്ല, പക്ഷേ വ്യക്തികള്‍ക്കുള്ള നിയമങ്ങള്‍  ഉണ്ടായിരിക്കുമെന്നായിരുന്നു ട്രംപിന്റെ മറുപടി. 

വിദേശ നിക്ഷേപകര്‍ക്കും അവരുടെ അടുത്ത കുടുംബങ്ങള്‍ക്കും അമേരിക്കന്‍ ബിസിനസില്‍ ഒരു നിശ്ചിത തുക നിക്ഷേപിച്ചും കുറഞ്ഞത് 10 യുഎസ് ജോലികള്‍ക്ക് ധനസഹായം നല്‍കിയും സ്ഥിര താമസം നേടാന്‍ അനുവദിക്കുന്ന നിലവിലുള്ള EB-5 പ്രോഗ്രാമിന് പകരമാണ് ഗോൾഡ് കാർഡ് എന്ന് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക് പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ വ്യക്തമാക്കിയിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *