റമസാനിൽ ഉംറ തീർഥാടനത്തിനു ചെലവേറും: നിരക്കിൽ 10 ശതമാനം വർധന

ദുബായ്: റമസാൻ കാലത്ത് ഉംറ തീർഥാടനത്തിനു ചെലവേറും. ഉംറ പാക്കേജിനു 10% വരെ നിരക്ക് കൂട്ടിയതായി ഏജൻസികൾ അറിയിച്ചു. വീസ, വിമാന ടിക്കറ്റ്, ഹോട്ടൽ താമസം എന്നിവയടക്കമുള്ള നിരക്കാണ് ഈടാക്കുന്നത്.

റോഡ് മാർഗമുള്ള, 5 ദിവസം നീണ്ടുനിൽക്കുന്ന തീർഥാടനയാത്രയ്ക്ക് 1,300 ദിർഹം മുതൽ 1,900 ദിർഹം വരെയും വിമാനമാർഗമുള്ളതിന് 3,000 ദിർഹം മുതൽ 6,000 ദിർഹം വരെയുമാണ് പുതിയ നിരക്ക്. 10 ദിവസം മക്കയിൽ കഴിയണമെങ്കിൽ 10,000– 18,000 ദിർഹത്തിന്റെ പാക്കേജ് തിരഞ്ഞെടുക്കണം. ഹോട്ടൽ, വിമാന ടിക്കറ്റ് എന്നിവയുടെ നിരക്ക് ഉയർന്നതാണ് പാക്കേജ് നിരക്ക് ഉയർത്താൻ കാരണമെന്ന് ഏജൻസികൾ അറിയിച്ചു.

ഹറമുകൾക്കു സമീപമുള്ള ഹോട്ടലുകളാണ് താമസത്തിനു തിരഞ്ഞെടുക്കുന്നതെങ്കിൽ നിരക്ക് പിന്നെയും കൂടും. റമസാൻ അവസാന പത്തിൽ റിയാദ്, ജിദ്ദ, മദീന, തായിഫ് തുടങ്ങിയ വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് 3,000 ദിർഹമെങ്കിലുമാകുമെന്നാണ് കണക്കുകൂട്ടൽ. റമസാനിലെ മറ്റു ദിവസങ്ങളെ അപേക്ഷിച്ച് അവസാന പത്തിൽ 60% വരെ നിരക്ക് ഉയരും. 

യുഎഇയിലെ മലയാളി സംഘടനകളും റമസാനിൽ തീർഥാടകരെ ഉംറയ്ക്ക് കൊണ്ടുപോകുന്നുണ്ട്. റോഡ് മാർഗമാണ് യാത്ര. മക്കയിലും മദീനയിലുമാണ് താമസസൗകര്യം. 5 ദിവസം മക്കയിലും 3 ദിവസം മദീനയിലും താമസസൗകര്യം ഏർപ്പെടുത്തുന്നതിന് 2,300– 2,750 ദിർഹം നൽകണം. മാർച്ച് 19നാണ് മലയാളി സംഘത്തിന്റെ യാത്ര.

Leave a Reply

Your email address will not be published. Required fields are marked *