‘ഭയപ്പെടുത്തുന്ന നാളുകള്‍, അനുഭവിച്ചത് ദുരിതകടൽ; ഇനിയും പലരേയും കണ്ടെത്താനായിട്ടില്ല: ജീവന്‍ രക്ഷിച്ചത് ആ നീക്കം’

കുവൈത്ത്‌ സിറ്റി: വര്‍ഷം 34-കഴിഞ്ഞെങ്കിലും ഭയപ്പെടുത്തുന്ന ആ നാളുകള്‍ ഇന്നും കൃത്യതയോടെ ഓര്‍ക്കുകയാണ് കുവൈത്ത് ഫയര്‍ഫോഴ്സ് മേധാവിയായിരുന്ന ലെഫ്റ്റനന്റ് ജനറല്‍ യൂസഫ് അബ്ദുള്ള അല്‍ അന്‍സാരി. തങ്ങള്‍ അനുഭവിച്ച ദുരിതങ്ങള്‍ പറഞ്ഞറിയിക്കുന്നതിനും അപ്പുറമാണ്. കെട്ടിടങ്ങള്‍ നശിപ്പിച്ചു. ബന്ധുക്കളും മിത്രങ്ങളുമായ നിരവധി പേര്‍ കൊല്ലപ്പെട്ടു. ഇനിയും പലരേയും കണ്ടെത്താനായിട്ടില്ല.

1990- ഓഗസ്റ്റ് രണ്ടിനാണ് സദ്ദാം ഹുസൈന്റെ പട്ടാളഭരണം കുവൈത്തിനെ കീഴടക്കിയത്. രാജ്യാന്തര മാധ്യമങ്ങളില്‍ ഇറാഖി സേന കുവൈത്ത് അതിര്‍ത്തിയിലേക്ക് നീങ്ങുന്നവെന്ന വാര്‍ത്ത ഉണ്ടായിരുന്നെങ്കില്ലും, കടുത്തനീക്കം പ്രതീക്ഷിച്ചിരുന്നില്ലെന്ന് യൂസഫ് അല്‍ അന്‍സാരി പറഞ്ഞു.

അധിനിവേശ സമയത്ത് കേണലായിരുന്ന അദ്ദേഹത്തിന് രണ്ട് ചുമതലകളായിരുന്നു. ഫയര്‍ഫോഴ്സ് പ്ലാനിങ് യൂണിറ്റിന്റെയും വിമാനത്താവളത്തിന്റെയും. അതിര്‍ത്തി കടന്ന് കുവൈത്തിലേക്ക് ഇറാക്കി സേന എത്തിയത് അറിയുന്നത് രാവിലെ നടക്കാന്‍ പോയി തിരികെ വീട്ടില്‍ എത്തിയപ്പോഴാണ്. തന്റെ ഫോണിലേക്ക് ഹെഡ് ഓഫിസില്‍ നിന്ന് നിരവധി തവണ ഫോണ്‍ വന്നിരുന്നു. തിരികെ വിളിച്ചപ്പോള്‍ മേലധികാരി കാര്യം ധരിപ്പിച്ചു. ഉടന്‍തന്നെ വിമാനത്താവളത്തില്‍ പോകാന്‍ ആവശ്യപ്പെട്ടു. അവിടെ ചെന്നപ്പോള്‍ രണ്ട് വിമാനങ്ങള്‍ വരുന്നത് കണ്ടു, ആദ്യം കരുതി യുഎഇയുടെ വിമാനങ്ങളാണെന്ന്. എന്നാല്‍ അടുത്തെത്തിയപ്പോഴാണ് ഇറാഖ് പട്ടാളത്തിന്റെതാണെന്ന് തിരിച്ചറിഞ്ഞത്. മേലധികാരികളെ അറിയിച്ചപ്പോള്‍ ഉടന്‍തന്നെ ഓഫിസിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു.

തിരിച്ച് തന്റെ അധീനതയിലുള്ള ഫയര്‍ഫോഴ്സ് ഓഫിസില്‍ എത്തി. എന്നാല്‍, കുറച്ച് സമയത്തിന് ശേഷം, ഇറാക്കി സേന അവിടെയും എത്തി. ആദ്യം തന്നെ ഓഫിസ് ചുമരിലുണ്ടായിരുന്ന കുവൈത്ത് അമീര്‍, കിരീടാവകാശി എന്നിവരുടെ ചിത്രങ്ങള്‍ വെടിവച്ച് താഴെ ഇട്ടു. തുടര്‍ന്ന് ഓഫിസില്‍ ഉണ്ടായിരുന്നവരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി ചോദ്യം ചെയ്യല്‍ ആരംഭിച്ചു. എന്നാല്‍, ഇവിടെ നടത്തിയ തന്ത്രപരമായ നീക്കമാണ് തന്റെയും, സഹപ്രവര്‍ത്തകരുടെ ജീവന്‍ രക്ഷിക്കാനായതെന്ന് യൂസഫ് വിവരിക്കുന്നു.

എതിരാളികളുടെ വരവ് അറിഞ്ഞ ഉടന്‍ എല്ലാവരുടെയും റാങ്കുകള്‍, യൂണിഫോമുകള്‍ മാറ്റി. തങ്ങള്‍ ഇവിടുത്തെ മുനിസിപ്പാലിറ്റി ജീവനക്കാരാണ് എന്ന് യൂസഫ് പറഞ്ഞു. മാത്രമല്ല, പൊടുന്നനെ ഇവര്‍ ഉണ്ടാക്കിയ ഐഡന്റെിറ്റി കാര്‍ഡുകളും കാണിച്ചു. അവ പരിശോധിച്ച ശേഷം ഇവരെ വിട്ടയച്ചു.

താമസം സബാ അല്‍ സാലെം പ്രദേശത്ത്:
അന്ന് സബാ അല്‍ സാലെം പ്രദേശത്തായിരുന്നു താമസം. പൂര്‍ണമായി ഇറഖി സേനയുടെ നിയന്ത്രണത്തിലായതോടെ ആദ്യ നാളുകളില്‍ പണത്തിന് ബുദ്ധിമുട്ടുണ്ടായി. ബാങ്കില്‍ പണം ഉണ്ടെങ്കിലും എടുക്കാന്‍ പറ്റാത്ത അവസ്ഥ. പണത്തിനായി പലയിടത്തും നടന്നിട്ടും കിട്ടാതിരുന്ന സമയത്ത്, സബാ അല്‍ സാലെമിലെ പൊലീസ് സ്റ്റേഷനില്‍ നിന്നും 20 ദിനാര്‍ കിട്ടിയത് ഇപ്പോഴും കൃതഞ്തയോടെ ഓര്‍ക്കുന്നു. അടുത്തദിവസം, വീടിന്റെ സമീപത്ത് നില്‍ക്കുമ്പോള്‍ ഒരാള്‍ എന്റെ പേര് അന്വേഷിച്ചു വന്നു.

ഞാനാണ് യൂസഫ് അന്‍സാരി എന്ന് പറഞ്ഞു. അപ്പോള്‍ തന്നെ ഒരു കവറിലിട്ട് ആയിരം ദിനാര്‍ എന്റെ കൈവശം തന്നു. ഇപ്പോഴും അറിയില്ല അതാരാണെന്ന്. എന്നാല്‍, അതു സബാഹ് ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം എത്തിയതാണ് എന്ന് പിന്നീട് മനസ്സിലായി. ഇറാഖ് അധിനിവേശത്തോടെ കുവൈത്ത് ഭരണാധികാരികള്‍ സൗദി അറേബ്യയിലേക്ക് പാലായനം ചെയ്‌തെങ്കില്ലും ജനങ്ങള്‍ക്ക് വേണ്ടിയുള്ള സഹായം അവിടെനിന്ന് തുടരുന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഇതെന്ന് യൂസഫ് ഓര്‍ത്തെടുക്കുന്നു.

ജംഇയ്യ പ്രവര്‍ത്തം:
ആദ്യ നാളുകള്‍ക്ക് ശേഷം സബാ അല്‍ സാലെമിലെ സ്വദേശികളെ കൂട്ടിച്ചേര്‍ത്തുകൊണ്ട് ചെറിയ ഗ്രൂപ്പ് രൂപികരിച്ചു. ദൈന്യംദിന ആവശ്യങ്ങള്‍ക്കായി അവിടുത്തെ ജംഇയ്യ(കോ-ഒപ്പറേറ്റീവ് സൊസൈറ്റി) തുറന്നു പ്രവര്‍ത്തിപ്പിച്ചു. ഭക്ഷണസാധനങ്ങള്‍ എത്തിക്കാനുള്ള നടപടി സ്വീകരിച്ചു. തന്റെ 7 വയസ്സുള്ള കുട്ടിയെയും ഒപ്പം കൂട്ടി. പിന്നീട് തനിക്ക് ലഭിച്ചത് പോലെ ചെറിയ ഗ്രൂപ്പിനും പണം ലഭിച്ചുകൊണ്ടിരുന്നു. അത് ഓരോ സ്വദേശി വീടുകളിലും എത്തിക്കേണ്ട ദൗത്യം കൂടി യൂസഫ് അല്‍ അന്‍സാരിയുടെ നേതൃത്വത്തില്‍ ഏറ്റെടുത്തു നടത്തി.

സഹോദരന്‍ യുദ്ധത്തടവുകാരന്‍:
വിമോചനത്തിന്റെ അവസാന നാളുകളില്‍ ചെറുപ്പക്കാരായ കുവൈത്ത് സ്വദേശികളെ ഇറാഖ് പട്ടാളം യുദ്ധ തടവുകാരായി കൊണ്ടുപോയി. അതില്‍ തന്റെ ഒരു സഹോദരനും ഉള്‍പ്പെട്ടിരുന്നു. പിന്നീട് ഇറാഖില്‍ നിന്ന് അബ്ദുൽ അസീസ് എന്ന് പേരുള്ള സഹോദരനെ രണ്ട് മാസത്തിന് ശേഷം തിരികെ എത്തിച്ചു.

ഇറാഖ് അധിനിവേശം പ്രതീക്ഷിച്ചിരുന്നില്ല:
1970-ല്‍ ഇറാഖ് -കുവൈത്ത് അതിര്‍ത്തിയിലെ അബ്ദലി  ചെക്പോസ്റ്റ് ക്രേന്ദമാക്കിയുള്ള ഇറാഖിന്റെ വെടിവയ്പ്പില്‍ ഒരു കുവൈത്ത് പട്ടാളക്കാരന്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍, അതിന് ശേഷം അതിര്‍ത്തി ശാന്തമായിരുന്നു. ഇറാഖ്-ഇറാന്‍ യുദ്ധസമയത്ത് ഭക്ഷണം, സാമ്പത്തികമടക്കമുള്ള സഹായം ഇറാഖിന് കുവൈത്ത് നല്‍കിയിരുന്നു. മാത്രമല്ല, ഇറാനി സേന കുവൈത്ത് വഴി ഇറാഖിലേക്ക് കടക്കുന്നത് കുവൈത്ത് തടഞ്ഞു. അതുപോലെ, ജഹ്റ ആശുപത്രി ഇറാഖികള്‍ക്കായി തുറന്ന് നല്‍കിയിരുന്നത് അടക്കം നിരവധി സഹായങ്ങള്‍ നല്‍കിയിട്ടും ഒരു പ്രകോപനവും ഇല്ലാതെയുള്ള സദ്ദാമ്മിന്റെ കടന്ന് കയറ്റം അങ്ങേയറ്റം നന്ദികെട്ടതായിരുന്നു.

യുദ്ധാനന്തരം ഫയര്‍ഫോഴ്സ് ജീവിതം:
യുദ്ധ നാളുകളില്‍ ആള്‍മാറാട്ടം നടത്തി കഴിഞ്ഞിരുന്നതിനാല്‍ അപകട ഭീഷണി കുറവായിരുന്നു. എന്നാല്‍, യുദ്ധാനന്തരം ജോലിക്ക് തിരികെയെത്തിയപ്പോള്‍ ഫയര്‍ ഫോഴ്സിന്റെ പുതിയ പരിഷ്‌കരണ കമ്മിറ്റിയിലും തുടര്‍ന്ന് സേനയുടെ യൂണിറ്റുകളുടെ പരിശോധനയും സര്‍ക്കാര്‍ ഏല്‍പ്പിച്ചു. പൂട്ടിക്കിടക്കുന്ന ഫോഴ്സിന്റെ യൂണിറ്റുകളില്‍ പരിശോധന ആയിരുന്നു ഇതില്‍ പ്രധാനമായിട്ടുള്ളത്. ഇത് തികച്ചും അപകടം പിടിച്ച ജോലിയായിരുന്നു. കാരണം, ഇറാഖ് സേന പിന്മാറുന്നതിന് മുൻപ് എണ്ണക്കിണറുകള്‍ക്ക് തീയിടുകയും, പ്രധാന ഓഫിസുകള്‍, മരുഭൂമിയിലടക്കം പലയിടത്ത് കുഴിബോംബുകള്‍ (മൈന്‍) സ്ഥാപിച്ചിരുന്നു. ഇത് നീക്കുന്നതിന് അമേരിക്കന്‍ വിദഗ്ധ സംഘത്തിന്റെ സേവനം ലഭ്യമാക്കി. അമേരിക്കന്‍ സേനയുടെ സഹായമാണ് താന്‍ ഇന്നും ജീവനോടെ ഇരിക്കുന്നതെന്ന് അന്‍സാരി വ്യക്തമാക്കുന്നു. പരിശോധനയ്ക്കായി ഫര്‍വാനിയ ഫയര്‍ഫോഴ്സ് കേന്ദ്രത്തിലെത്തിയപ്പോള്‍ താനും മൈനില്‍ ചവിട്ടി. കൂടെ ഉണ്ടായിരുന്നു അമേരിക്കന്‍ വിദഗ്ധര്‍ ബോംബ് നിര്‍വീര്യമാക്കി തന്റെ ജീവന്‍ രക്ഷിക്കുകയായിരുന്നു.

കുടുംബത്തേയും ബാധിച്ചു:
യൂസഫ് അല്‍ അന്‍സാരിയ്ക്ക് നാല്പത് വയസ്സുള്ളപ്പോഴായിരുന്നു അധിനിവേശം. അന്ന് മൂന്ന് കുട്ടികള്‍ ഉണ്ട്. രണ്ടാമത്തെ കുട്ടിക്ക് മൂന്ന് വയസ്സും, ഇളയതിന് രണ്ടര മാസവുമാണ് പ്രായം. ഇറാഖ് പട്ടാളക്കാര്‍ വീട് കയറിയുള്ള പരിശോധനകള്‍ നടത്തിയിരുന്നത് മൂന്ന് വയസ്സുകാരിയില്‍ ഭീതിയുണര്‍ത്തി. രണ്ട് വര്‍ഷം എടുത്തു അതില്‍ നിന്ന് പൂര്‍ണ്ണമുക്തി നേടാന്‍.

2016-ലാണ് ഫയര്‍ഫോഴ്സ് മേധാവി സ്ഥാനത്തുനിന്ന് വിരമിക്കുന്നത്:
തന്റെ സര്‍വീസ് കാലത്തും അതിന് ശേഷമുള്ള അനുഭവങ്ങള്‍ കോര്‍ത്തിണക്കി മൂന്ന് പസ്തകങ്ങളും അദ്ദേഹത്തിന്റെതായി ഉണ്ട്. ഇപ്പോഴും തന്റെ മേഖലയില്‍ ആവശ്യക്കാര്‍ക്ക് സൗജന്യ പരിശീലനം അടക്കം നല്‍കികൊണ്ട് സജീവമാണ് യൂസഫ് അല്‍ അന്‍സാരി. കഴിഞ്ഞ ആഴ്ചയില്‍, കുവൈത്തില്‍ നടന്ന രണ്ടാമത് സേഫ്റ്റി ആൻഡ് സിവില്‍ പ്രോട്ടക്ഷന്‍ കോണ്‍ഫറന്‍സിന്റെ പ്രധാന ചുമതലക്കാരനായിരുന്നു യൂസഫ് അല്‍ അന്‍സാരി.

Leave a Reply

Your email address will not be published. Required fields are marked *