ഓസ്‌ട്രേലിയയിലേക്ക് നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്: ഇൻവെസ്റ്റ് കേരള ഉച്ചകോടിയില്‍ ത്രികക്ഷി ധാരണാപത്രം ഒപ്പിട്ടു

കൊച്ചി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസില്‍ (NSW) വയോജനപരിചരണം, നഴ്സിംങ് മേഖലകളിലേയ്ക്ക് കേരളത്തില്‍ നിന്നുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് റിക്രൂട്ട്മെന്റ് സാധ്യത ഒരുക്കുന്ന ത്രികക്ഷി (നോർക്ക റൂട്ട്സ്, കെ-ഡിസ്ക് , ദ മൈഗ്രേഷൻ ഏജൻസി) ധാരണാപത്രം (MoU) ഒപ്പിട്ടു. കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപ സംഗമമായ ഇൻവെസ്റ്റ് കേരള ഉച്ചകോടിയുടെ ഭാഗമായി നടന്ന ചടങ്ങില്‍ കെ-ഡിസ്ക് മെമ്പര്‍ സെക്രട്ടറി ഡോ. പി.വി. ഉണ്ണികൃഷ്ണൻ, നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അജിത് കൊളശ്ശേരി, ദ മൈഗ്രേഷൻ ഏജൻസിയുടെ മാനേജിംഗ് ഡയറക്ടർ സാറാ താപ്പ എന്നിവര്‍ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ന്യൂ സൗത്ത് വെയിൽസിലെ വയോജന പരിപാലനം, നഴ്സിംഗ് മേഖലകളിലുള്ള വിദഗ്ദ്ധരുടെ കുറവ് പരിഹരിക്കുന്നതിനായി കേരളത്തിൽ നിന്നുളള പ്രൊഫഷണലുകളെ പരിശീലിപ്പിച്ച് റിക്രൂട്ട്ചെയ്യുകയാണ് ലക്ഷ്യം.

ന്യൂ സൗത്ത് വെയിൽസ് സര്‍ക്കാറിന്റെ ഇന്‍വെസ്റ്റ്മെന്റ് NSW വിന്റെ പിന്തുണയോടെയാണ് റിക്രൂട്ട്മെന്റ്. കെ-ഡിസ്ക് എക്സിക്യുട്ടീവ് ഡയറക്ടർ പി.എം. റിയാസ്, നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ്, സാറാ താപ്പ എന്നിവരാണ് ധാരണാപത്രം കൈമാറിയത്. ഓസ്ട്രേലിയയിലേയ്ക്ക് നിരവധി അവസരങ്ങള്‍ക്ക് വഴിതുറക്കുന്നതാണ് ധാരണാപത്രമെന്ന് അജിത് കോളശ്ശേരി അഭിപ്രായപ്പെട്ടു.

ഇൻവെസ്റ്റ് കേരള ഉച്ചകോടിയിലെ ഓസ്ട്രേലിയൻ പവിലിയനിൽ നടന്ന ധാരണാപത്ര കൈമാറ്റ ചടങ്ങില്‍ ചെന്നൈയിലെ ഓസ്ട്രേലിയന്‍ ഡെപ്യൂട്ടി കോൺസുൽ ജനറൽ ഡേവിഡ് എഗ്ലസ്റ്റൺ, ന്യൂ സൗത്ത് വെയിൽസ് പ്രതിനിധികളായ ട്രേഡ് & ഇൻവെസ്റ്റ്മെന്റ് കമ്മീഷണര്‍ മാലിനി ദത്ത്, ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ (ഇന്ത്യ) ഡയറക്ടർ, സുചിത ഗോകർൺ, നോർക്ക വകുപ്പ് അഡീഷണൽ സെക്രട്ടറി ബി. സുനിൽകുമാർ, നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ രശ്മി റ്റി, എന്നിവരും ധാരണാപത്ര കൈമാറ്റ ചടങ്ങിൽ സന്നിഹിതരായിരുന്നു. ലോകോത്തരമായ ആരോഗ്യ ഗവേഷണ സ്ഥാപനങ്ങളും അത്യാധുനിക ആരോഗ്യസൗകര്യങ്ങളുമുളള ന്യൂ സൗത്ത് വെയില്‍സില്‍ നിലവില്‍ 18,000 ത്തോളം ആരോഗ്യപ്രവര്‍ത്തകരാണ് ജോലിചെയ്യുന്നത്. 2036 ഓടെ ഇത് 50,000 മായി ഉയരുമെന്നും മാലിനി ദത്ത് അഭിപ്രായപ്പെട്ടു. ടെക്നോളജി, എഞ്ചിനീയറിംഗ്, ട്രേഡ് മേഖലകളിലെ കേരളത്തില്‍ നിന്നുളള ഉദ്യോഗാർത്ഥികളെ ഓസ്ട്രേലിയൻ തൊഴിൽസാധ്യതകളുമായി ബന്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുമെന്നും സാറാ താപ്പയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *