കൊലക്കുറ്റം: യുഎഇയിൽ വധശിക്ഷക്ക്‌ വിധേയരായവർ ചീമേനി, തലശേരി സ്വദേശികൾ

ദുബായ്: യുഎഇ അൽഐനിൽ വധശിക്ഷയ്‌ക്ക്‌ വിധേയരായ രണ്ട് മലയാളികളിൽ ഒരാൾ കാസർകോട്‌ ചീമേനി സ്വദേശിയും മറ്റൊരാൾ തലശേരി സ്വദേശിയും. കയ്യൂർ– ചീമേനി പൊതാവൂരിലെ പെരുംതട്ടവളപ്പിൽ പി വി മുരളീധരൻ (43), തലശേരി നിട്ടൂർ സ്വദേശി അറങ്ങലോട്ട് മുഹമ്മദ് റിനാഷ് (28) എന്നിവരുടെ വധശിക്ഷ കഴിഞ്ഞ മാസം 15ന്‌ നടപ്പാക്കിയതായാണ്‌ യുഎഇ അധികൃതർ ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചത്‌.

മുഹമ്മദ്‌ റിനാഷ്‌, അറബ്‌ പൗരൻ കുത്തേറ്റ്‌ മരിച്ച കേസിലും മുരളീധരൻ ഇന്ത്യൻ പൗരനെ വധിച്ച കേസിലുമാണ്‌ വിചാരണ നേരിട്ടത്‌. ഇരുവർക്കും സാധ്യമായ എല്ലാ നിയമസഹായവും നൽകിയിരുന്നതായും സംസ്‌കാരത്തിൽ പങ്കെടുക്കാൻ ഇവരുടെ കുടുംബങ്ങൾക്ക് സൗകര്യമൊരുക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

പൊതാവൂരിലെ ടി വി കേശവന്റെയും വി വി ജാനകിയുടെയും മകനാണ്‌ മുരളീധരൻ. 2006ലാണ്‌ ജോലിക്കായി അൽഐനിലേക്കു പോയത്‌. സഹോദരങ്ങൾ: സൗമ്യ, മുകേഷ്‌. വധശിക്ഷ നടപ്പാക്കുന്ന വിവരം ഫെബ്രുവരി പതിനാലിന്‌ മുരളീധരൻ വിളിച്ചറിയിച്ചതായി കേശവൻ പറഞ്ഞു. തെക്കേപ്പറമ്പത്ത് ഹൗസിൽ അറങ്ങലോട്ട് ലൈലയുടെ നാലു മക്കളിൽ മൂന്നാമനാണ്‌ മുഹമ്മദ് റിനാഷ്. ദുബായ്‌ അൽഐനിലെ ട്രാവൽ എജൻസിയിൽ 2021ലാണ്‌ ജോലിയിൽ പ്രവേശിച്ചത്‌. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടതറിഞ്ഞ്‌ ഇളയ മകനൊപ്പം ലൈല ദുബായിലെ ജയിലിൽ മുഹമ്മദ്‌ റിനാഷിനെ കണ്ടിരുന്നു. വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ട്‌ 29 ഇന്ത്യക്കാർ യുഎഇ ജയിലിലുള്ളതായാണ്‌ വിദേശകാര്യമന്ത്രാലയം നൽകുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *