ജാഫൂറ; സൗദിയുടെ തലവര മാറ്റിയെഴുതുമോ? ഇത് മറ്റൊരു ഇന്ധനം: ക്രൂഡ് ഓയിലിനേക്കാള്‍ വലിയ വരുമാനം

ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി ആരാംകോ സുപ്രധാന ചുവടുമാറ്റത്തിന് ഒരുങ്ങുന്നു. ക്രൂഡ് ഓയില്‍ ഖനനത്തിന് പുറമെ പ്രകൃതിവാതക ഉല്‍പ്പാദനത്തിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് മുന്നോട്ട് പോകാനാണ് കമ്പനിയുടെ പുതിയ തീരുമാനം. ക്രൂഡ് ഓയിലിനേക്കാള്‍ കൂടുതല്‍ വരുമാനം പ്രകൃതിവാതകം നല്‍കുന്നു എന്നതാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. ഇതോട് രാജ്യത്തിന്റെ സാമ്പത്തിക രംഗത്തും വലിയ കുതിപ്പ് നടത്താന്‍ സൗദി അറേബ്യക്ക് സാധിക്കും.

അറേബ്യൻ ഉപദ്വീപിന്റെ കിഴക്കൻ പ്രദേശമായ ജാഫൂറ ഫീൽഡാണ് അരാംകോയുടെ പ്രകൃതിവാതക ഉല്‍പാദനത്തിന്റെ പ്രധാന കേന്ദ്രം. രാജ്യത്തെ തന്നെ ഏറ്റവും വലിയ നോണ്‍ അസോസിയേറ്റഡ് ഗ്യാസ് ഫീൽഡും ഇത് തന്നെ. അതായാത് മറ്റ് ഫീല്‍ഡുകളില്‍ നിന്നെല്ലാം ക്രൂഡ് ഓയില്‍ വേർതിരിച്ചെടുക്കുന്നതിന്റെ ഉപോൽപ്പന്നമായിട്ടാണ് പ്രകൃതിവാതകം വേർതിരിച്ചെടുക്കുന്നത്. എന്നാല്‍ ഇവിടെ പ്രധാന ഉല്‍പാദന ഇന്ധം പ്രകൃതിവാതകമാണ്.

ഒപെക് കൂട്ടായ്മയിലെ പ്രധാനിയായതിനാല്‍ തന്നെ എണ്ണ ഉൽപ്പാദനത്തില്‍ നിയന്ത്രണം ഏർപ്പെടുത്തുമ്പോള്‍ പ്രകൃതിവാതക ഉല്‍പാദനത്തിലും കുറവ് വരും. എന്നാല്‍ ജാഫൂറയിലെ പ്രകൃതിവാതക ഉല്‍പാദനത്തിന് അത്തരത്തിലുള്ള യാതൊരു നിയന്ത്രണവും ഉണ്ടാകില്ല. ചുരുക്കത്തില്‍ സൗദിയുടെ സ്വന്തം താല്‍പര്യത്തിന് അനുസരിച്ച് ഇവിടെ നിന്നും പ്രകൃതിവാതകം ഉല്‍പാദിപ്പിക്കാന്‍ സാധിക്കും.

2021 മുതൽ അരാംകോ ജാഫൂറ ഫീൽഡുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ ദ്രാവക സമ്പന്നമായ ഷെയ്ൽ ഗ്യാസ് പദ്ധതിയായി ജാഫൂറ കണക്കാക്കപ്പെടുന്നു. ഏകദേശം 229 ട്രില്യൺ ക്യുബിക് അടി വാതകവും 75 ബില്യൺ ബാരൽ കണ്ടൻസേറ്റ് – ദ്രാവക വാതകവും ഈ ഫീൽഡിൽ അടങ്ങിയിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകള്‍. പ്രതിദിനം 200 ദശലക്ഷം ക്യുബിക് അടി (സിഎഫ്ഡി) എന്ന നിരക്കിൽ ഈ ഫീൽഡിൽ നിന്നുള്ള പ്രാരംഭ ഉത്പാദനം ഈ വർഷം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉൽ‌പാദനം ശക്തിപ്പെടുത്തുന്നതിനായി ജാഫൂറയുടെ രണ്ടാം ഘട്ട വികസനത്തിനായി അരാംകോ ഇതിനകം ഏകദേശം 12.4 ബില്യൺ ഡോളറിന്റെ 16 കരാറുകൾ വിവിധ കമ്പനികള്‍ക്ക് നല്‍കിയതായും അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഇതിലൂടെ ഫീൽഡിന്റെ ഉൽ‌പാദനം പത്തിരട്ടിയായി വർദ്ധിപ്പിക്കാനും 2030 ഓടെ 2 ബില്യൺ സിഎഫ്ഡി ഉൽ‌പാദന ശേഷിയിലെത്തുകയുമാണ് ലക്ഷ്യം.

പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ

ജാഫുറയിലെ മൊത്തം നിക്ഷേപം അടുത്ത 15 വർഷത്തിനുള്ളിൽ 100 ​​ബില്യൺ ഡോളർ കവിയുമെന്നാണ് കഴിഞ്ഞ മാസം നടന്ന അൽ-അഹ്‌സ ഇൻവെസ്റ്റ്‌മെന്റ് ഫോറത്തിൽ, അരാംകോ സിഇഒ അമിൻ നാസർ വ്യക്തമാക്കിയത്. ഈ പദ്ധതി സൗദി അറേബ്യയുടെ ജിഡിപിയിലേക്ക് ഏകദേശം 23 ബില്യൺ ഡോളർ സംഭാവന ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. അതായത് വലിയ സാമ്പത്തിക കുതിപ്പിനാണ് രാജ്യം ഒരുങ്ങാന്‍ പോകുന്നത്.

ലോകത്തിലെ ഏറ്റവും വലിയ നോൺ-അസോസിയേറ്റഡ് ഗ്യാസ് ഫീൽഡായ ഖത്തറിന്റെ നോർത്ത് ഫീൽഡിന്റെ ഏകദേശം 25 ശതമാനത്തിന് തുല്യമായ അളവില്‍ പ്രകൃതിവാതകമാണ് ജാഫുറയിലുള്ളത്. 2030 ആകുമ്പോഴേക്കും രാജ്യത്തിന്റെ പ്രകൃതിവാതക ഉൽ‌പാദനം 60 ശതമാനത്തിലധികം വർദ്ധിപ്പിക്കുകയാണ് അരാംകോയുടെ ലക്ഷ്യം. ഇതിനായി ജാഫൂറയ്ക്ക് പുറമെ തനാജിബ്, ഫാദിലി തുടങ്ങിയ മറ്റ് ഗ്യാസ് ഫീൽഡുകളും കമ്പനി വലിയ രീതിയില്‍ വികസിപ്പിക്കുന്നുണ്ട്.

കൂടാതെ, അരാംകോ മാസ്റ്റർ ഗ്യാസ് സിസ്റ്റത്തിന്റെ (എം‌ ജി‌ എസ്) മൂന്നാം ഘട്ടവും ആരംഭിച്ചു. ഇതിലൂടെ രാജ്യത്തിന്റെ ഗ്യാസ് പൈപ്പ്‌ലൈൻ ശൃംഖല 4000 കിലോമീറ്ററായി വികസിപ്പിക്കുകയും 2028 ഓടെ ശേഷി 3 ബില്യൺ സി‌എഫ്‌ഡിയായി വർദ്ധിപ്പിക്കുകയും ചെയ്യും. വാതക ഉൽപ്പാദനത്തിനു പുറമേ, ജാഫൂറ ഫീൽഡില്‍ നിന്നും പ്രതിദിനം 630000 ബാരൽ വാതക ദ്രാവകങ്ങളും 418 ദശലക്ഷം സിഎഫ്ഡി ഈഥെയ്നും ഉത്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *