ദോഹ: റമസാൻ രാവുകളിൽ സൗഹൃദം പുതുക്കാനും നാടൻ രുചികൾ ആസ്വദിക്കാനുമുള്ള ഇടമായി മാറ്റുകയാണ് റമസാൻ ടെന്റുകൾ. ഉപ്പിലിട്ടത് മുതൽ കപ്പ ബിരിയാണി വരെ ഒരുക്കിയാണ് ദോഹയുടെ വിവിധ ഭാഗങ്ങളിൽ ഹോട്ടലുകളും റസ്റ്ററന്റുകളും റമസാൻ ടെന്റുകൾ ഒരുക്കിയിട്ടുള്ളത്. ഇഫ്താറിന് ശേഷം കുടുംബങ്ങൾക്കും ബാച്ചിലേഴ്സിനും വിശ്രമിക്കാനുള്ള ഇടമായി ഇത്തരം ടെന്റുകൾ മാറി കഴിഞ്ഞു.
സൊറ പറഞ്ഞിരുന്നും വൈവിധ്യമായ രുചികൾ ആസ്വദിച്ചും മണിക്കൂറുകളാണ് ആളുകൾ ടെന്റുകളിൽ ചെലവഴിക്കുന്നത്. ലൈവ് നിലക്കടല വറുത്തതും വിവിധ രുചികളിലുള്ള ചായയും തുടങ്ങി പുട്ടും കപ്പ ബിരിയാണിയും വരെ ഇവിടെ ലഭ്യമാണ്. ഒപ്പം റമസാൻ സ്പെഷൽ വിഭവങ്ങളും. വിവിധ ഇനം ഭക്ഷ്യവസ്തുക്കൾക്കായി പ്രത്യേകം കൗണ്ടറുകൾ ഒരുക്കിയാണ് വിൽപന. ചായക്കട, ചായപ്പീടിക, ചായമക്കാനി തുടങ്ങിയ പേരുകളിലാണ് ചായ കൗണ്ടറുകൾ ഒരുക്കിയിരിക്കുന്നത്.
പൈനാപ്പിൾ ചായ മുതൽ സമാവർ ചായ വരെ ലഭിക്കുന്ന ഇത്തരം കൗണ്ടറുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഉപ്പിലിട്ടതാണ് റമസാൻ ടെന്റുകളിൽ ആളുകളെ ആകർഷിക്കുന്ന മറ്റൊരു ഇനം. വിശേഷിച്ച് സ്ത്രീകളും കുട്ടികളുമാണ് ഇതിന്റെ പ്രധാന ഉപഭോക്താക്കൾ. ഉപ്പിലിട്ട നെല്ലിക്ക മുതൽ ഉപ്പിലിട്ട പൈനാപ്പിൾ വരെ നിരവധി ഉൽപന്നങ്ങളാണ് ഉപ്പിലിട്ടതായി ഇവിടെ ലഭിക്കുക. മസാല ചേർത്തും ചേർക്കാതെയും ഇത് ലഭ്യമാണ്. കുട്ടികളെ ലക്ഷ്യം വച്ച് മിഠായികൾക്കായി പ്രത്യേക കൗണ്ടറുകളും ടെന്റുകളിൽ ഉണ്ട്. നാരങ്ങാ മിഠായി മുതൽ പുളിയച്ചാർ വരെ ഈ കൗണ്ടറുകളിൽ ലഭ്യമാണ്. കുട്ടിക്കാലത്തെ സ്കൂൾ കാല ഓർമകൾ പങ്കുവെച്ച് മുതിർന്നവരും ഇത് ആസ്വദിച്ച് കഴിക്കുന്നുണ്ട്.
പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ
കുറച്ച് കനത്തിൽ കഴിക്കാൻ തട്ടുകടകളുണ്ട്. ലൈവ് പുട്ട്, കപ്പ ബിരിയാണി, കൊത്തുപൊറാട്ട, തട്ടുദോശ, റമസാൻ സ്പെഷൽ കുഞ്ഞിപ്പത്തിൽ, തരികഞ്ഞി, മസാല കഞ്ഞി തുടങ്ങിയവയാണ് തട്ടുകടയിലെ സ്പെഷലുകൾ. ചൂടോടെ ലഭിക്കുന്നു എന്നതാണ് തട്ടുകട കൗണ്ടറുകളെ ആകർഷണീയമാക്കുന്നത്. രുചികരമായ വിഭവങ്ങൾക്ക് പുറമെ ലൈവ് ഗാനമേളകളും പല ടെന്റുകളിലും നടക്കുന്നുണ്ട്. മുട്ടിപ്പാട്ട് സംഘങ്ങൾ അവതരിപ്പിക്കുന്ന നോൺ സ്റ്റോപ്പ് പാട്ടുകൾ ആസ്വദിക്കാനും ഇവിടെ അവസരമുണ്ട്.
പലരും ഇത്തരം ടെന്റുകളിൽ എത്തി അത്താഴവും കഴിച്ചാണ് വീടുകളിലേക്ക് മടങ്ങുന്നത്. റമസാനിൽ പ്രവർത്തിക്കുന്ന ഇത്തരം ടെന്റുകൾക്ക് ബന്ധപ്പെട്ട അധികാരികളിൽ നിന്നും മുൻകൂട്ടി അനുമതി വാങ്ങിയിരിക്കണം. കൂടാതെ ആരോഗ്യ, ശുചിത്വ പരിശോധനയും അധികൃതർ ഇടയ്ക്കിടെ നടത്തും. അതുകൊണ്ട് തന്നെ ‘തട്ടിക്കൂട്ട്’ പരിപാടിയായി ഇത്തരം ടെന്റുകൾ നടത്താൻ സാധ്യമല്ല എന്നത് ഉപഭോക്താക്കൾക്ക് ആരോഗ്യ സുരക്ഷാ കാര്യത്തിൽ ആശ്വാസമാണ്.
ആളുകൾക്ക് റമസാനിൽ ഒന്നിച്ചിരിക്കാനും സൗഹൃദം പുതുക്കാനും ഉപകരിക്കുന്ന ഇത്തരം ടെന്റുകൾ കച്ചവടക്കാരെ സംബന്ധിച്ചിടത്തോളം റമസാനിലെ അവരുടെ കച്ചവട കുറവ് പരിഹരിക്കാനുള്ള അവസരം കൂടിയാണ്.