അബുദാബി: യുഎഇയിൽ ചെറിയ പെരുന്നാൾ ആഘോഷം ഇത്തവണ കലക്കും. ചെറിയ പെരുന്നാളുമായി ബന്ധപ്പെട്ട് ഇത്തവണ യുഎഇയിലുള്ളവർക്ക് അഞ്ച് ദിവസത്തെ അവധിയാണ് ലഭിക്കുക. എപ്പോഴാണ് നിലാവ് കാണുന്നതെന്നതിനനുസരിച്ച് നാലോ അഞ്ചോ ദിവസം നീളുന്ന അവധി യുഐയിലുള്ളവർക്ക് ലഭിക്കും. നിലവിലെ കണക്കുകൂട്ടലനുസരിച്ച് അഞ്ച് ദിവസത്തെ അവധിയാവും ആളുകൾക്ക് ലഭിക്കുക.
റമദാൻ മാസം അവസാനിച്ച് ഷവ്വാൽ ഒന്നാം തീയതിയാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുക. ഇസ്ലാമിക് കലണ്ടറിൽ ഒരു മാസം 29 അല്ലെങ്കിൽ 30 ദിവസം നീളുന്നതാണ്. നിലാവ് കാണുന്നതിനനുസരിച്ചാണ് ഇത് മാറുക. റമദാൻ 29ന് ആകാശത്ത് നിലാവ് കാണുന്നുണ്ടോ എന്ന് പരിശോധിക്കും. നിലാവ് കണ്ടാൽ പിറ്റേ ദിവസം പെരുന്നാളായി ആഘോഷിക്കും. മാർച്ച് 29, ശനിയാഴ്ചയാണ് റമദാൻ 29. അന്ന് നിലാവ് കണ്ടാൽ റമദാൻ 29ന് അവസാനിക്കും. അങ്ങനെയെങ്കിൽ മാർച്ച് 30, ഞായറാഴ്ച മുതൽ ഏപ്രിൽ 1 ചൊവ്വാഴ്ച വരെയാവും പെരുന്നാൾ അവധി. മാർച്ച് 29, ശനിയാഴ്ചയിലെ അവധി കൂടി പരിഗണിക്കുമ്പോൾ ആകെ അവധി ദിവസങ്ങൾ നാല്.
പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ
മാർച്ച് 29ന് നിലാവ് കണ്ടില്ലെങ്കിൽ റമദാൻ 30 ദിവസം തികയ്ക്കും. ഈ വർഷം റമദാൻ 30നും ശേഷമുള്ള മൂന്ന് ദിവസവും അവധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ റമദാൻ 30 ആയ മാർച്ച് 30 ഞായറാഴ്ച മുതൽ ഏപ്രിൽ രണ്ട് ബുധനാഴ്ച വരെ പൊതു അവധി. മാർച്ച് 29, ശനിയാഴ്ചയിലെ അവധി കൂടി ചേർക്കുമ്പോൾ ആകെ അവധി അഞ്ച് ദിവസമാവും. ഇത്തവണ റമദാൻ 30 തികയ്ക്കുമെന്നാണ് വിവരം. അങ്ങനെയെങ്കിൽ അഞ്ച് ദിവസം അവധി ലഭിക്കും. ആകെ എത്ര ദിവസം അവധി ലഭിക്കുമെന്നത് മാർച്ച് 29നാണ് പ്രഖ്യാപിക്കുക.
2025 മാർച്ച് ഒന്നിനാണ് യുഎഇയിൽ റമദാൻ മാസം ആരംഭിച്ചത്. നിലാവ് കണ്ടതിനാൽ മാർച്ച് ഒന്ന് ഗൾഫ് നാടുകളിൽ റമദാൻ ഒന്നായി പ്രഖ്യാപിക്കുകയായിരുന്നു. പിറ്റേന്ന്, മാർച്ച് രണ്ട് മുതലാണ് ഇന്ത്യയിൽ റമദാൻ മാസം ആരംഭിച്ചത്.