കുവൈത്ത് സിറ്റി: ലക്ഷങ്ങൾ വിലമതിക്കുന്ന അവാർഡിനേക്കാൾ വിലയുള്ളതാണ് ചില വാക്കുകൾ. അത്തരത്തിൽ മാധുര്യമുള്ള വാക്കുകൾ കൊണ്ട് അംഗീകാരം ലഭിച്ചിരിക്കുകയാണ് തൃശൂർ സ്വദേശിയായ ബിജു പാപ്പച്ചന്. ബിജുവിന് നന്മനിറഞ്ഞ വാക്കുകൾ ലഭിച്ചത് കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമദ് അൽ ജാബർ അൽ സബാഹിന്റെ ഉപദേശക സംഘത്തിലുള്ള കാബിനറ്റ് റാങ്കുകാരൻ ഷെയ്ഖ് ഫൈസൽ അൽ ഹമൂദ് അൽ മാലിക് അൽ സബാഹിൽ നിന്നാണ്.
മൂന്ന് പതിറ്റാണ്ടിലേറെയായി ഷെയ്ഖ് ഫൈസലിന്റെ വിവിധ ഓഫിസുകളിൽ ജോലി ചെയ്തു വരികയാണ് ബിജു. കഴിഞ്ഞ ദിവസം ഫെഡറേഷൻ ഓഫ് ഇന്ത്യൻ മുസ്‌ലിം അസോസിയേഷൻസ് സംഘടിപ്പിച്ച ഇഫ്താർ വേദിയിൽ വച്ചാണ് ഷെയ്ഖ് ഫൈസൽ ബിജുവിനെ പ്രശംസിച്ചത്.
പ്രസംഗത്തിന്റെ അവസാനഭാഗത്ത് ഇന്ത്യൻ സമൂഹത്തെക്കുറിച്ച് വാചാലനായ അദ്ദേഹം കുവൈത്തിലുള്ള പത്ത് ലക്ഷത്തിൽ അധികം വരുന്ന ഇന്ത്യൻ സമൂഹം വിശ്വസ്തരാണെന്ന് വ്യക്തമാക്കി. തന്റെ കൂടെ മുപ്പത് വർഷത്തിലേറെയായി ഇന്ത്യക്കാരനായ ബിജു ജോലി ചെയ്യുന്നുണ്ട്. സത്യസന്ധതയോടെ സ്നേഹത്തോടെ ജോലി ചെയ്യുന്ന ബിജുവിന് എല്ലാവരും കയ്യടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ
ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സൈ്വക കൂടാതെ പത്തിലധികം രാജ്യങ്ങളിലെ സ്ഥാനപതിമാർ, നയതന്ത്ര പ്രതിനിധികൾ, ഇന്ത്യൻ സമൂഹത്തിലെ പ്രമുഖർ എന്നിവരുടെ സാന്നിധ്യത്തിൽ വച്ചായിരുന്നു പ്രശംസ. ഇതുപോലെ കഴിഞ്ഞ ദിവസം മുൻ പ്രധാനമന്ത്രിയും മുതിർന്ന രാജകുടുംബാംഗമായ ഷെയ്ഖ് നാസർ അൽ മുഹമദ് അൽ സബാഹിന്റെ ദീവാനിയായിൽ വച്ചും ഷെയ്ഖ് ഫൈസൽ പരിചയപ്പെടുത്തിയതും ബിജു മനോരമ ഓൺലൈനോട് പങ്കുവച്ചു.
അമീറിന്റെ പ്രോട്ടോകോൾ ചീഫ് ആയി ജോലി ചെയ്യുമ്പോഴാണ് ഷെയ്ഖ് ഫൈസലിനെ ബിജു പരിചയപ്പെടുന്നത്. 1993ൽ ബായൻ പാലസിൽ ഹോട്ടൽ കമ്പനിയുടെ കരാറിൽ ജോലി ചെയ്യുന്ന അവസരത്തിലായിരുന്നു അത്. ഷെയ്ഖ് ഫൈസൽ പിറ്റേവർഷം ബിജുവിനെ ബയാൻ പാലസിലെ ജീവനക്കാരനാക്കി കൂടെ കൂട്ടി.
തുടർന്ന് ഷെയ്ഖ് ഫൈസൽ ഒമാൻ, ജോർദാൻ എന്നിവിടങ്ങളിൽ നാല് വർഷങ്ങൾ വീതം അംബാസഡർമാരായി ജോലി ചെയ്ത കാലയളവിലും ഈ രാജ്യങ്ങളിലും ബിജുവിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. തിരികെ മടങ്ങിയെത്തി ഷെയ്ഖ് ഫൈസൽ ഫർവാനിയ ഗവർണറായി ആറര വർഷക്കാലം സേവനമനുഷ്ഠിച്ചു. അതിനുശേഷം നാല് വർഷം മുൻപാണ് അമീരി ദിവാൻ ഓഫിസിൽ ഉപദേശകനായി കയറിയത്.
അപ്പോഴും നിഴൽ പോലെ കൂടെ ഉണ്ട് ബിജു പാപ്പച്ചൻ. ഷെയ്ഖ് ഫൈസൽ ‘ഫൂജി’ എന്നാണ് ബിജുവിനെ വിളിക്കുന്നത്. അതേ പേരിലാണ് ഷെയ്ഖിന്റെ അടുത്തയാളുകളുടെ ഇടയിലും ബിജു അറിയപ്പെടുന്നത്. ഒരു സഹോദരനെപ്പോലെയാണ് ഷെയ്ഖ് തന്നെ കരുതുന്നതെന്നും ബിജു പറഞ്ഞു.
1990 ലെ ഇറാഖ്-കുവൈത്ത് അധിനിവേശത്തിന് ശേഷം ഇന്ത്യയിൽ നിന്ന് ആദ്യമെത്തിയ ബാച്ചിൽ ബിജുവിന്റെ സഹോദരൻ ഷാജു പാപ്പച്ചൻ ബയാൻ പാലസിൽ ജോലിക്കായി വന്നു. അതിനു പിന്നാലെയാണ് ചാലക്കുടി വെള്ളികുളങ്ങര സ്വദേശി ബിജു കുവൈത്തിലെത്തിയത്. കുടുംബസമ്മേതം സാൽമിയായിലാണ് താമസം.