ഖത്തറിനെ ‘സ്പർശിച്ച്’ മലയാളികളായ ‘റിയല്‍ ഹീറോസ് ‘; പ്രവാസികൾക്ക് മാത്രമല്ല സ്വദേശികൾക്കും ഇവർ ‘ഉറ്റവർ’

ദോഹ: നിസ്വാര്‍ഥമായ സേവന പാതയിലൂടെ ഖത്തര്‍ സ്പര്‍ശമെന്ന കൂട്ടായ്മയുടെ സഞ്ചാരം തുടങ്ങിയിട്ട് 7 വര്‍ഷം. സേവന സന്നദ്ധരായ ഖത്തറിലെ ഒരു കൂട്ടം മലയാളികള്‍ ഒരേ മനസ്സോടെ മുൻപിൽ നിന്ന് നയിക്കുന്ന ഖത്തര്‍ സ്പര്‍ശത്തിന്റെ ‘സ്പര്‍ശനം’ അനുഭവിച്ചറിഞ്ഞത് ഇതിനകം ഖത്തറിലും കേരളത്തിലുമായി പതിനായിരകണക്കിന് ആളുകളാണ്.

കേരളത്തിന്റെ പ്രളയക്കെടുതിയില്‍ അകപ്പെട്ടവര്‍ക്ക് കൈത്താങ്ങാകാന്‍ തുടക്കമിട്ട കൂട്ടായ്മ ഇന്ന് ഈദ് നാളുകളിലും റമസാനിലുമായി ആയിരകണക്കിന് ആളുകള്‍ക്കാണ് സൗജന്യമായി ഇഫ്താര്‍ ഭക്ഷണം എത്തിക്കുന്നത്. 2018 മുതല്‍ ഇതുവരെ മുടങ്ങാതെ എല്ലാ വര്‍ഷവും സമൂഹത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവരെ തേടി ഖത്തര്‍ സ്പര്‍ശത്തിന്റെ വൊളന്റിയര്‍മാരായ ‘റിയല്‍ ഹീറോസ്’ എത്തുന്നുണ്ട്.

ഇഫ്താര്‍ ഭക്ഷണ വിതരണത്തിന് പുറമെ റമസാനിലും ഈദ് നാളുകളിലുമായി എല്ലാ വര്‍ഷവും അര്‍ഹരായ 100 പേര്‍ക്ക് ഒരു മാസത്തേക്ക് അടുക്കളയിലേക്ക് ആവശ്യമായ ഗ്രോസറി കിറ്റും വിതരണം ചെയ്യുന്നുണ്ട്. പ്രളയം, കോവിഡ്, റമസാന്‍ നാളുകളിലെ വേറിട്ട സേവന പ്രവര്‍ത്തനങ്ങളിലൂടെ ഖത്തര്‍ സ്പര്‍ശമെന്ന കൂട്ടായ്മയുടെ പേര് ഖത്തറില്‍ മാത്രമല്ല കേരളത്തിലും ശ്രദ്ധേയമാകുകയാണ്.

പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ

തുടക്കം വാട്‌സ് ആപ്പ് ഗ്രൂപ്പില്‍:
2018 ല്‍ കേരളത്തിലെ പ്രളയബാധിതര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കാനായി തുടക്കമിട്ടതാണ് ഖത്തര്‍ സ്പര്‍ശം. ഖത്തറിലെ എഫ്എം റേഡിയോ ആയ റേഡിയോ മലയാളം 98.6 ന്റെ ജനറൽ മാനേജർ നൗഫല്‍ അബ്ദുല്‍ റഹ്‌മാന്‍ ആണ് ഖത്തര്‍ സ്പര്‍ശത്തിന്റെ ലീഡർ. 5 വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലായിരുന്നു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്. ഖത്തറിലെ പ്രവാസി മലയാളികളായ വനിതകളും പുരുഷന്മാരും ഉള്‍പ്പെടെയുള്ളവര്‍ വൊളന്റിയര്‍മാരായി മുന്നോട്ടു വന്നു.

പ്രളയ നാളുകളില്‍ വസ്ത്രങ്ങളും ഗ്രോസറികളും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ പ്രത്യേകം കിറ്റുകളിലാക്കി കേരളത്തിലെ ദുരിതബാധിതര്‍ക്കായി എത്തിച്ചു. 2019 ലെ പ്രളയത്തിലും ഖത്തര്‍ സ്പര്‍ശത്തിന്റെ സഹായം കേരളത്തിലേക്ക് എത്തി. 2019 മുതലാണ് ഇഫ്താര്‍ കിറ്റ് വിതരണത്തിന് തുടക്കമായത്. ഖത്തറിലെ ബിസിനസ് വ്യക്തിത്വങ്ങളുൾപ്പെടെ ഖത്തർ സ്പർശത്തിന് നൽകുന്ന സഹായങ്ങളിലൂടെയാണ് മുടക്കമില്ലാതെ പ്രവർത്തനം മുന്നോട്ട് പോകാൻ സഹായിക്കുന്നത്. 

കാരുണ്യത്തിന്റെ ‘സ്പര്‍ശം’:
2019 മുതല്‍ ആരംഭിച്ച ഇഫ്താര്‍ കിറ്റ് വിതരണം ഇതിനകം ആയിരകണക്കിന് ആളുകളിലേക്കാണ് എത്തികൊണ്ടിരിക്കുന്നത്. റമസാനില്‍ എല്ലാ ദിവസവും മുടങ്ങാതെ ഇഫ്താര്‍ കിറ്റ് വിതരണം ചെയ്യുന്നുവെന്നതാണ് ഖത്തര്‍ സ്പര്‍ശത്തെ വേറിട്ട് നിര്‍ത്തുന്നത്. ജോലിയില്ലാതെ വിഷമിക്കുന്നവര്‍, മറ്റ് പ്രതിസന്ധികളില്‍ അകപ്പെട്ടവര്‍, ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങള്‍, തൊഴിലാളികള്‍ എന്നിവര്‍ക്കാണ് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നത്. ഇതുവരെ  പ്രതിവർഷം 12,000 ത്തിലധികം പേരാണ് ഗുണഭോക്താക്കളായത്.

കഴിഞ്ഞ 6 വര്‍ഷമായി ഖത്തറിന്റെ ഓരോ ദിക്കിലും ഇഫ്താര്‍ കിറ്റുകള്‍ എത്തിക്കുന്നതില്‍ ഖത്തര്‍ സ്പര്‍ശത്തിന്റെ വൊളന്റിയര്‍മാര്‍ സജീവമാണ്. വീടുകളും ലേബര്‍ ക്യാംപുകളും ഉള്‍പ്പെടെ രാജ്യത്തുടനീളമായി ഇരുന്നൂറിലധികം സ്ഥലങ്ങളില്‍ പ്രതിദിനം 600-800 ഇഫ്താര്‍ കിറ്റുകളാണ് നിലവിൽ വിതരണം ചെയ്യുന്നത്. മലയാളികള്‍ക്ക് മാത്രമല്ല ഏതൊരു രാജ്യക്കാര്‍ക്കും ഇവരുടെ സഹായം ലഭിക്കും. റേഡിയോ മലയാളത്തിന്റെ പിന്തുണയിലാണ് പ്രവര്‍ത്തനം. റേഡിയോ നൽകുന്ന പ്രമോ കേട്ടറിഞ്ഞ് സഹായം തേടിയെത്തുന്നവർ ഏറെയാണ്. റേഡിയോയിലൂടെയാണ് ഇഫ്താറിന് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നത്. അര്‍ഹരെന്ന് ഉറപ്പാക്കിയ ശേഷമാണ് ഇഫ്താര്‍ സഹായമെത്തിക്കുന്നത്. ഇതിനായി കൃത്യമായ ഡോക്യുമെന്റേഷനും സംവിധാനങ്ങളുമുണ്ട്.

ഇവരാണ് ‘റിയല്‍ ഹീറോസ്’:
ഖത്തര്‍ സ്പര്‍ശനത്തിന്റെ വൊളന്റിയര്‍മാരെ റിയല്‍ ഹീറോസ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഖത്തര്‍ സ്പര്‍ശത്തെ മുന്നോട്ട് നയിക്കുന്നതും നാല്‍പതോളം വരുന്ന ഈ വൊളന്റിയര്‍മാരാണ്. പ്രളയത്തിലും റമസാനിലും മാത്രമല്ല സമൂഹത്തെ ഒന്നടങ്കം പ്രതിസന്ധിയിലാക്കുന്ന ഏതൊരു ഘട്ടത്തിലും കൈത്താങ്ങായി ഖത്തര്‍ സ്പര്‍ശമുണ്ട്. 2020ലും 2021 ലും കോവിഡ് കാലത്ത് കോവിഡ് ബാധിച്ചവര്‍ക്കും ലോക്ക് ഡൗണില്‍പ്പെട്ടവര്‍ക്കും ഖത്തറിലുടനീളമായി ആവശ്യത്തിന് മരുന്നും ആഹാരവും എത്തിച്ചു നല്‍കുന്നതിലും ഇവര്‍ കര്‍മനിരതരായിരുന്നു. അതുകൊണ്ടു തന്നെയാണ് അവരെ റിയല്‍ ഹീറോസ് എന്നു വിളിക്കുന്നതെന്ന് നൗഫല്‍ പറയുന്നു.

ജോലി തിരക്കിനിടയിലും സമയം കണ്ടെത്തി സ്വന്തം ചെലവില്‍ സ്വന്തം വാഹനത്തില്‍ നിസ്വാര്‍ഥമായ സന്നദ്ധ പ്രവര്‍ത്തനം നടത്താന്‍ ഓരോ വര്‍ഷവും എത്തുന്ന വൊളന്റിയര്‍മാരുടെ എണ്ണവും കൂടി വരികയാണെന്ന് നൗഫല്‍ പറഞ്ഞു. ഒറ്റയ്ക്കല്ല, കുടുബമായി തന്നെയാണ് മിക്കവരും സേവന പ്രവർത്തനങ്ങൾക്ക് എത്തുന്നത്. വൊളന്റിയര്‍മാരുടെ കുട്ടികള്‍ വരെ ഡെലിവറി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്. നാളത്തെ തലമുറയ്ക്ക് സന്നദ്ധ സേവകരാകാനുള്ള പ്രചോദനമായി ഖത്തര്‍ സ്പര്‍ശം മാറുന്നുണ്ടെന്നത് വലിയ സന്തോഷമാണെന്നും നൗഫൽ. 

Leave a Reply

Your email address will not be published. Required fields are marked *