സ്‌കോട്‌ലൻഡിൽ മലയാളി വിദ്യാർഥിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ; ദുരൂഹത

ലണ്ടൻ: സ്‌കോട്‌ലൻഡിൽ മലയാളി വിദ്യാർഥിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. സ്റ്റിർലിങ് യൂണിവേഴ്‌സിറ്റിയിലെ എബൽ തറയിൽ (24) എന്ന വിദ്യാർഥിയുടെ മൃതദേഹമാണ് ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത്. കോഴിക്കോട് സ്ഥിരതാമസമാക്കിയ തൃശൂർ സ്വദേശികളാണ് എബലിന്റെ കുടുംബം. ബുധനാഴ്ച രാത്രി 9.30നാണ് ബ്രിട്ടിഷ് ട്രാൻസ്‌പോർട്ട് പൊലീസിനും സ്‌കോട്ടിഷ് ആംബുലൻസ് സർവീസിനും റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയെന്ന വിവരം ലഭിക്കുന്നത്.

സ്റ്റിർലിങിനും അലോവയ്ക്കും ഇടയിലുള്ള റെയിൽവേ ട്രാക്കിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് സ്റ്റിർലിങിനും അലോവയ്ക്കും ഇടയിലുള്ള എല്ലാ സർവീസുകളും സ്കോട്ട് റെയിൽ താൽക്കാലികമായി നിർത്തിവച്ചിരുന്നു. വിശദമായ അന്വേഷണങ്ങൾക്ക് ശേഷമാണ് സർവീസുകൾ പുനഃരാരംഭിച്ചതെന്ന് സ്കോട്ട് റെയിലിന്റെ കസ്റ്റമർ ഓപ്പറേഷൻസ് ഡയറക്ടർ ഫിൽ കാംബെൽ അറിയിച്ചു. 

പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ

എബലിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് പൊലീസും വിശദമായ അന്വേഷണം നടത്തിവരുകയാണ്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ എബൽ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഒന്നുമില്ലായിരുന്നുവെന്ന് കുടുംബാംഗങ്ങളും സഹപാഠികളും പറഞ്ഞു.

അന്വേഷണങ്ങളുടെ ഭാഗമായി എബലിന്റെ സുഹൃത്തുക്കളെയും നാട്ടിലുള്ള അമ്മയെയും സഹോദരനെയും പൊലീസ് ബന്ധപ്പെട്ടുവരുന്നു. സ്റ്റിർലിങ് യൂണിവേഴ്‌സിറ്റിയിൽ സ്‌പോർട്‌സ് മാനേജ്‌മെന്റ് എംഎസ് വിദ്യാർഥിയായിരുന്ന എബൽ കലാസാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നുവെന്ന് സഹപാഠികൾ പറഞ്ഞു. ഇത്രയേറെ സജീവമായിരുന്ന എബലിന്റെ മരണം വിദ്യാർഥികൾക്കിടയിൽ നടുക്കം ഉളവാക്കിയിട്ടുണ്ട്. സംസ്‌കാരം നാട്ടിൽ നടത്താനാണ് കുടുംബാംഗങ്ങൾ ആഗ്രഹിക്കുന്നത്. ഇതിനായുള്ള നടപടിക്രമങ്ങൾ വിവിധ മലയാളി സംഘടനകളുടെയും പൊതുപ്രവർത്തകരുടെയും നേതൃത്വത്തിൽ നടന്നുവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *