റിയാദ്: മുംബൈ സ്വദേശി റോഷൻ അലി തൊഴിൽ തേടി സൗദി അറേബ്യയിലെത്തിയത് 1994ലാണ്. പിന്നീടൊരു തിരിച്ചുപോക്കിനെ കുറിച്ച് അലി ആലോചിച്ചിട്ടേയില്ല. ഈ നാടും പ്രവാസവും ആസ്വദിച്ചു കടന്നുപോയത് 31 വർഷം. തുന്നൽ, ക്ലീനിങ് പോലുള്ള പല തൊഴിലുകൾ ചെയ്ത് ജീവിതം തുടരുന്നതിനിടെ ഓർക്കാപ്പുറത്തെത്തിയ രോഗമാണ് അടിതെറ്റിച്ചത്. കിടപ്പിലായതോടെ 20 വർഷത്തോളം താമസിച്ചിരുന്ന റിയാദ് മലസിലെ റൂമിൽനിന്ന് സഹതാമസക്കാർ ഇറക്കിവിട്ടു.
പ്രായമായ ഒരാൾ അവശനായി റോഡരികിൽ കിടക്കുന്നുണ്ടെന്ന് അറിഞ്ഞ് റിയാദിലെ തെലങ്കാനക്കാരായ സാമൂഹിക പ്രവർത്തകർ റെഡ് ക്രസൻറിനെ വിളിച്ചു ആശുപത്രിയിലെത്തിച്ചു. സുഖം പ്രാപിച്ചു ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യാൻ ഒരുങ്ങുമ്പോഴാണ് താമസരേഖ ഉൾപ്പടെ ഒന്നുമില്ലാത്ത നിയമലംഘകനാണെന്ന് അറിയുന്നത്. അതോടെ ആശുപത്രി അധികൃതർ അലിയെ പൊലീസിന് കൈമാറി.
പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ
ആരോഗ്യപ്രശ്നങ്ങളുള്ള ഒരു ഇന്ത്യൻ വയോധികൻ സെല്ലിലുണ്ടെന്നും ബന്ധുക്കളെയോ നാട്ടുകാരെയോ ബന്ധപ്പെട്ട് നാട്ടിലേക്ക് അയക്കാൻ ആവശ്യമായ നടപടികൾക്ക് സഹായിക്കണമെന്നും ആവശ്യപ്പെട്ട് െപാലീസ് സ്റ്റേഷനിൽനിന്നും മലയാളി സാമൂഹികപ്രവർത്തകൻ സിദ്ധിഖ് തുവ്വൂരിനെ ബന്ധപ്പെട്ടു. അദ്ദേഹം ഉടൻ സ്റ്റേഷനിലെത്തി അലിയെ കണ്ടു. വിവരങ്ങളെല്ലാം ശേഖരിച്ചു.
വിവരം സിദ്ധിഖ് എംബസിയിൽ റിപ്പോർട്ട് ചെയ്ത് ഇന്ത്യയിലേക്കുള്ള മടക്കയാത്രക്കുള്ള നടപടികൾ ആരംഭിച്ചു. പ്രാഥമിക ഘട്ടമായി അലിയെ പൊലീസ് സ്റ്റേഷനിൽനിന്നും ഹോട്ടൽ മുറിയിലേക്ക് മാറ്റി. നാട്ടിൽ നിന്നുള്ള ബന്ധുക്കളും റിയാദിലെ തെലങ്കാന അസോസിയേഷൻ ഉൾപ്പടെയുള്ള സംഘടന പ്രവർത്തകരും ചേർന്ന് സാധ്യമായ സഹായങ്ങളെല്ലാം ചെയ്തു. എംബസി ഔട്ട് പാസ് നൽകി. നാടുകടത്തൽ കേന്ദ്രത്തിൽ (തർഹീൽ) നിന്ന് ഫൈനൽ എക്സിറ്റും ശരിയായി. ഇനി അലിക്ക് നാട്ടിലേക്ക് മടങ്ങാം.
ദീർഘകാലം നാട്ടിലേക്ക് പോയില്ലെങ്കിലും സമ്പാദിക്കുന്ന തുകയിൽനിന്ന് കൃത്യമായി കുടുംബത്തിെൻറ ചെലവിലേക്ക് അയച്ചുകൊടുക്കാറുണ്ടായിരുന്നു. ദീർഘകാലത്തെ പ്രവാസത്തിന് വിരാമമിട്ട് വരും ദിവസം തന്നെ അലി മുംബൈ വിമാനത്താവളത്തിൽ പറന്നിറങ്ങും. അലിയുടെ മക്കളും കുടുംബവും സ്വീകരിക്കാൻ അവിടെയുണ്ടാകുമെന്ന് സിദ്ധിഖ് തുവ്വൂർ പറഞ്ഞു. ഏറെ ഇഷ്ടപ്പെടുന്നു സൗദിയെന്നും ആരോഗ്യപ്രശ്നം നേരിട്ടില്ലായിരുന്നെങ്കിൽ ഈ മണ്ണ് വിട്ട് പോകില്ലായിരുന്നെന്നും അലി പറയുന്നു.
‘ജീവിതത്തിൽ ഒരിക്കലും കാണുകയോ എന്തെങ്കിലും സഹായം ചെയ്യുകയോ ചെയ്യാത്ത ഒരു ‘കേരള വാല’ സിദ്ധിഖ് സാബ് വന്നാണ് എന്നെ പൊലീസ് സ്റ്റേഷനിൽനിന്ന് നാട്ടിലേക്ക് അയക്കാനുള്ള എല്ലാ കാര്യങ്ങളും ചെയ്തത്. അദ്ദേഹത്തെ മറക്കാനാകില്ല. നന്ദിവാക്കും പ്രാർഥനയുമല്ലാതെ മറ്റൊന്നും എെൻറ പക്കലില്ല’ -അലി പറയുന്നു. നാട്ടിലേക്ക് യാത്ര ചെയ്യാൻ നിയമക്കുരുക്കുകൾ ഒന്നുമില്ലെന്നും യാത്രാരേഖകൾ പൂർത്തിയാക്കിയാൽ വരും ദിവസങ്ങളിൽ തന്നെ നാട്ടിലേക്ക് മടങ്ങുമെന്നും സിദ്ധിഖ് തുവ്വൂർ പറഞ്ഞു. അലിയുടെ യാത്രക്ക് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, പൊലീസ് ഓഫിസർമാർ, പൊതുപ്രവർത്തകൻ നേവൽ ഉൾപ്പടെ വ്യത്യസ്ത മേഖലയിലുള്ളവരുടെ സഹായം ലഭിച്ചതായും സിദ്ധിഖ് തുവ്വൂർ പറഞ്ഞു.