തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന് നേരെ കെ.എസ്.യു – കോൺഗ്രസ് പ്രവർത്തകർ നടത്തിയ കിരാതമായ ആക്രമണത്തെ കേരള പ്രവാസി സംഘം സംസ്ഥാന വനിത കുടുംബവേദി ശക്തമായി അപലപിച്ചു. കരിങ്കൊടി പ്രതിഷേധത്തിന്റെ മറവിൽ ഒരു വനിതാ മന്ത്രിക്കു നേരെ അക്രമിസംഘം നടത്തിയ കടന്നാക്രമണം പരിഷ്കൃത സമൂഹത്തിന് ചേരാത്തതും അങ്ങേയറ്റം പ്രതിഷേധാർഹവുമാണെന്ന് കമ്മറ്റി പ്രസ്താവനയിൽ പറഞ്ഞു.
സ്ത്രീകൾക്കെതിരെയുള്ള ഇത്തരം ശാരീരിക ആക്രമണങ്ങളും അധിക്ഷേപങ്ങളും ജനാധിപത്യ കേരളത്തിന് വലിയ അപമാനമാണ്. രാഷ്ട്രീയമായി നേരിടാൻ കഴിയാതെ വരുമ്പോൾ ജനപ്രതിനിധികളെ തെരുവിൽ കൈയേറ്റം ചെയ്യുന്നത് കോൺഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് വെളിവാക്കുന്നത്. ഒരു വനിതാ മന്ത്രിക്ക് പോലും സുരക്ഷിതമായി യാത്ര ചെയ്യാൻ അനുവദിക്കാത്ത വിധം അക്രമം അഴിച്ചുവിടുന്ന കോൺഗ്രസ് ശൈലി വരും കാലങ്ങളിൽ സ്ത്രീസുരക്ഷയ്ക്ക് തന്നെ വലിയ ഭീഷണിയാകുമെന്ന് യോഗം വിലയിരുത്തി.
ഇത്തരം അക്രമകാരികളെയും അവർക്ക് ഒത്താശ ചെയ്യുന്ന രാഷ്ട്രീയ നേതൃത്വത്തെയും പൊതുസമൂഹം ഒറ്റപ്പെടുത്തണം. ഈ വിഷയത്തിൽ കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന കൺവീനർ പ്രീതി കെ കെ, സംസ്ഥാന ചെയർപേഴസൺ ഷാഫിജ പുലാക്കൽ എന്നിവർ സംയുക്ത പത്രക്കുറിപ്പിലൂടെ അറിയിച്ചു.

